ന്യൂഡൽഹി: എ.ഐ ചാറ്റ് ബോട്ട് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎഐയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ ഇന്ത്യയിലെത്തി. നീതി ആയോഗ് മുൻ സിഇഒയും ഇന്ത്യയുടെ ജി20 ശേർപ്പയുമായ അമിതാബ് കാന്ദുമായി ആൾട്ട്മാൻ കൂടിക്കാഴ്ച. അതിന്റെ ചിത്രങ്ങൾ കാന്ദ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യ, ഇസ്രായേൽ, ജോർദാൻ, ഖത്തർ, യു.എ.ഇ, ദക്ഷിണ കൊറിയ എന്നീ ആറ് രാഷ്ട്ര പര്യടനത്തിലാണ് സാം ആൾട്ട്മാൻ.
ഓപൺഎഐയുടെ മിടുക്കനായ യുവ സ്ഥാപകനും സിഇഒയുമായ സാം ആൾട്ട്മാനുമായി കൂടിക്കാഴ്ച നടത്തി. ChatGPT യുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെക്കുറിച്ചും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ജനറേറ്റീവ് AI എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമെല്ലാം നമ്മൾ ചർച്ച ചെയ്തു. -അമിതാബ് കാന്ദ് ട്വിറ്ററിൽ കുറിച്ചു.
2035-ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 957 ബില്യൺ യുഎസ് ഡോളർ അധികമായി നൽകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഓപ്പൺഎഐ മേധാവിയുടെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
അതേസമയം, പ്രതിമാസം ഒരു ബില്യൺ (100 കോടി) സന്ദർശകരുള്ള വെബ് സൈറ്റ് എന്ന റെക്കോർഡിലേക്ക് കുതിക്കുകയാണ് ഓപൺഎഐ-യുടെ ചാറ്റ്ജിപിടി. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വെബ്‌സൈറ്റായും അത് മാറി. വെബ് ട്രാഫികിന്റെ കാര്യത്തിൽ ഓപൺഎഐയുടെ സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനമാണ് വളർച്ച നേടിയതെന്ന് യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.