സ്മാർട്ട്ഫോൺ ചിപ്‌സെറ്റുകൾ ദിവസം ചെല്ലുന്തോറും കൂടുതൽ ശക്തി പ്രാപിച്ചുവരുന്നുണ്ടെങ്കിലും, കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ബാറ്ററി സാങ്കേതികവിദ്യയിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വന്നിട്ടില്ല. ഒരു ലക്ഷത്തിലേറെ മുടക്കിയൊരു ഫോൺ വാങ്ങിയാലും കഷ്ടിച്ച് ഒരു ദിവസം ഉപയോഗിക്കാൻ കഴിഞ്ഞാലായി. കൂടുതൽ ബാറ്ററി ലൈഫ് നൽകുന്ന തരത്തിലുള്ള ബാറ്ററികൾ നിർമിക്കാൻ കഴിയാത്തതിനാൽ, സ്മാർട്ട്ഫോൺ കമ്പനികൾ അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ കണ്ടെത്തി.
എന്നാൽ, വൈകാതെ തന്നെ അതിനെല്ലാമൊരു മാറ്റം വന്നേക്കാം. പുതിയ ന്യൂക്ലിയർ ബാറ്ററിയുമായി എത്താൻ പോവുകയാണ് ചൈനയിലെ ഒരു കമ്പനി. ചൈന ആസ്ഥാനമായുള്ള ‘ബീറ്റാവോൾട്ട് ടെക്നോളജി ( Betavolt Technology )’ എന്ന കമ്പനിയാണ് 50 വർഷം വരെ നിലനിൽക്കാൻ കഴിയുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി വികസിപ്പിക്കുന്നത്. അതായത്, നിങ്ങൾ പുതിയൊരു സ്മാർട്ട്‌ഫോൺ വാങ്ങിച്ചാൽ, അത് പിന്നീടൊരിക്കലും ചാർജ് ചെയ്യേണ്ടിവരില്ല എന്ന് ചുരുക്കം.
WinFuture റിപ്പോർട്ട് പ്രകാരം ബീറ്റാവോൾട്ട്, സ്‌മാർട്ട്‌ഫോണിൽ ഘടിപ്പിക്കാവുന്നതും 50 വർഷം നീണ്ടുനിൽക്കുന്നതുമായ ന്യൂക്ലിയർ ബാറ്ററികൾ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ്. ഹൃദയത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ചെറു ഉപകരണമായ പേസ് മേക്കറുകളെ കുറിച്ച് അറിയില്ലേ..? ബാറ്ററിയിൽ പ്രവർത്തിക്കുന്ന പേസ് മേക്കറിൽ ഉപയോഗിച്ചിരിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ന്യൂക്ലിയാർ ബാറ്ററികളിലും. ബഹിരാകാശ യാത്രകളിലേക്കുള്ള ആവശ്യങ്ങൾക്കും ഇതേ ബാറ്ററി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്.
ന്യൂക്ലിയർ ബാറ്ററികൾ നിർമ്മിക്കാനുള്ള മുൻകാല ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല, കാരണം അവ വളരെ വലുതായിരുന്നു, കൂടാതെ സ്മാർട്ട്ഫോണുകൾക്ക് വേണ്ടത്ര ഊർജ്ജം നൽകാൻ അതിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, പ്ലൂട്ടോണിയം പോലെയുള്ള റേഡിയോ ആക്ടീവ് മെറ്റീരിയലുകൾ സ്മാർട്ട്ഫോണുകൾക്ക് അപകടകരമാകുമായിരുന്നു. അതിനാൽ, ഇത്തവണ വേറിട്ടൊരു വഴിയാണ് ബീറ്റവോൾട്ട് ടെക്‌നോളജി സ്വീകരിക്കുന്നത്.
ഒരു റേഡിയോ ന്യൂക്ലൈഡ് ബാറ്ററിയാണ് അവർ വികസിപ്പിക്കുന്നത്, അത് കൃത്രിമ വജ്രത്തിന്റെ ഒരു പാളി ഉപയോഗിക്കുന്നു, അത് ഒരു അർദ്ധചാലക പാളിയായി പ്രവർത്തിക്കുന്നു. കൂടാതെ, നിക്കൽ ഐസോടോപ്പ് (നിക്കൽ -63) ക്ഷയിക്കുകയും ഊർജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊർജ്ജ സാന്ദ്രതയുള്ള ആണവോർജ്ജ ബാറ്ററികളാണ് തങ്ങളുടെ ന്യൂക്ലിയർ ബാറ്ററികളെന്ന് കമ്പനി പറയുന്നു. ന്യൂക്ലിയർ ബാറ്ററികൾക്ക് 1 ഗ്രാം ബാറ്ററിയിൽ 3,300 മെഗാവാട്ട് മണിക്കൂറുകൾ സംഭരിക്കാൻ കഴിയും, ബാറ്ററി സൈക്കിളുകൾ ഇല്ലാത്തതിനാൽ ബാറ്ററി ഡീഗ്രേഡേഷൻ എന്ന സംഭവമേ ഇല്ല.
ഐഫോൺ ഉപയോഗിക്കുന്നവർ ഫോണിന്റെ ബാറ്ററി ഹെൽത്ത് ഇടക്കിടെ പരിശോധിക്കാറില്ലേ..? ന്യൂക്ലിയർ ബാറ്ററികളുടെ ‘ബാറ്ററി ആരോഗ്യം’ അതുപോലെ കുറയില്ല. മാത്രമല്ല, ഊർജ്ജോത്പാദനം സ്ഥിരതയുള്ളതായതിനാൽ ന്യൂക്ലിയർ ബാറ്ററികളെ കാലാവസ്ഥയിലുള്ള മാറ്റങ്ങളോ മറ്റോ ഒന്നും ബാധിക്കില്ല.
കമ്പനി ഇതിനകം തന്നെ 15 x 15 x 5 എം.എം ഡയമൻഷനിലുള്ള BB100 എന്ന ഒരു വർക്കിങ് മോഡലുമായി എത്തിയിട്ടുണ്ട്, അത് 100 മൈക്രോവാട്ട് വൈദ്യുതി വാഗ്ദാനം ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു വാട്ട് വരെ വൈദ്യുതി ഡെലിവർ ചെയ്യാൻ കഴിയുന്ന തരത്തിൽ സാങ്കേതികവിദ്യ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ സാങ്കേതികവിദ്യയുടെ ഏറ്റവും നല്ലൊരു വശം എന്ന് പറയുന്നത്, സിസ്റ്റത്തിൽ നിന്ന് ഒരു റേഡിയേഷനും പുറത്തുവരുന്നില്ല എന്നതാണ്, നിക്കൽ ഐസോടോപ്പ് കോപ്പറിലേക്ക് വിഘടിക്കുകയാണ് ചെയ്യുന്നത്, അതായത് ഈ പ്രക്രിയയിൽ വിഷ രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നില്ല എന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.