കോവിഡ് ലോക്ഡൗണിന്റെ സമയത്ത് വലിയ തരംഗം സൃഷ്ടിച്ച സോഷ്യൽ ഓഡിയോ ആപ്പായ ‘ക്ലബ് ഹൗസിനെ’ ഓർമയില്ലേ...? ക്ലബ് ഹൗസിലെ ചർച്ചാ മുറികളിൽ ഒത്തുകൂടി രാഷ്ട്രീയവും സിനിമയും മതവും സംഗീതവുമൊക്കെ ചർച്ച ചെയ്യാൻ ഇപ്പോൾ ആളുകൾക്ക് താൽപര്യമില്ലാതായി. പലരും ആപ്പിനെ കുറിച്ച് തന്നെ മറന്നുതുടങ്ങി. കോവിഡ് മഹാമാരിയൊഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുകയും ചായക്കടകളൊക്കെ സജീവമാവുകയും ചെയ്തതോടെ ക്ലബ്ഹൗസ് മരണവീട് പോലെയായി എന്ന് പറയേണ്ടിവരും.
പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഓഡിയോ ചാറ്റിങ് പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിനെ ആളുകളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ കമ്പനിയിപ്പോൾ ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനാണ് ക്ലബ്ഹൗസ് തീരുമാനിച്ചിരിക്കുന്നത്.
ബാധിക്കപ്പെട്ടവർക്ക് അടുത്ത കുറച്ച് മാസത്തേക്ക് അർഹമായ ആനുകൂല്യങ്ങളും തുടർച്ചയായ ആരോഗ്യ പരിരക്ഷയും ലഭിക്കും. അതേസമയം, പിരിച്ചുവിടൽ ബാധിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ചോ കമ്പനിയിൽ തുടരുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ പ്രതികരിക്കാൻ ക്ലബ്ഹൗസിന്റെ വക്താവ് വിസമ്മതിച്ചു. ക്ലബ്‌ഹൗസിൽ 100 ഓളം ജീവനക്കാരുണ്ടെന്ന് സ്ഥാപകരിലൊരാളായ ഡേവിസൺ കഴിഞ്ഞ ഒക്ടോബറിൽ ടെക്‌ക്രഞ്ചിനോട് പറഞ്ഞിരുന്നു.
കമ്പനി നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കിക്കൊണ്ട് ജീവനക്കാർക്ക് സ്ഥാപകർ ഒരു സന്ദേശമയച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടിലേക്ക് ആപ്പ് നിർബന്ധപൂർവം എത്തുകയായിയിരുന്നു എന്നും, ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു മാറ്റം അനിവാര്യമാണെന്നും അവർ സന്ദേശത്തിൽ പറയുന്നു. അതേസമയം, ക്ലബ്ഹൗസിലേക്ക് ആളുകളെ എത്തിക്കാനായി ആപ്പിൽ അടിമുടി മാറ്റം വരുത്താനാണ് സ്ഥാപകർ തീരുമാനിച്ചിരിക്കുന്നത്. പുതിയ മുഖത്തോടെ ക്ലബ്ഹൗസ് വരുമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.