ന്യൂഡൽഹി: ദശലക്ഷക്കണക്കിന് ക്ലബഹൗസ് ഉപയോക്താക്കളുടെ മൊബൈൽ നമ്പറുകൾ ഡാർക്ക് വെബിൽ വിൽപനക്ക്. മൊബൈൽ നമ്പർ ഒഴികെ മറ്റ് സ്വകാര്യ വിവരങ്ങൾ ഒന്നും ഓഡിയോ ചാറ്റ് അപ്ലിക്കേഷനായ ക്ലബ്ഹൗസിൽ നൽകേണ്ടതില്ല. ലക്ഷക്കണക്കിനാളുകളുടെ നമ്പറുകൾ വിൽപനക്ക് വെച്ച കാര്യം സെബർ സുരക്ഷ വിദഗ്ധനായ ജിതൻ ജെയിനാണ് ട്വീറ്റ് ചെയ്തത്.
ഉപയോക്താക്കളുെട കോൺടാക്ട് ലിസ്റ്റിൽ ബന്ധപ്പെടുത്തി വെച്ച നമ്പറുകളും അക്കൂട്ടത്തിലുള്ളതിനാൽ നിങ്ങൾ ക്ലബ് ഹൗസിൽ ഇതുവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ലെങ്കിലും നമ്പറുകൾ ഡാർക്ക് വെബിലെത്താൻ സാധ്യതയുണ്ടെന്നാണ് ജെയിൻ പറയുന്നത്. വിഷയത്തിൽ ക്ലബ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ ഹാക്കർ പേരുകൾ ഇല്ലാതെ ഫോൺ നമ്പറുകൾ മാത്രമാണ് വിൽക്കാൻ വെച്ചതെന്ന് സ്വതന്ത്ര സുരക്ഷ ഗവേഷകനായ രാജശേഖർ രജാരിയ പറഞ്ഞു. 'പേരോ ചിത്രങ്ങളോ വിവരങ്ങളോ ലഭ്യമല്ല. ഫോൺ നമ്പറുകളുടെ പട്ടിക എളുപ്പത്തിൽ എടുക്കാം. ഡേറ്റ ചോർന്നതായുള്ള അവകാശവാദം വ്യാജമാണെന്നാണ് തോന്നുന്നത്'-രജാരിയ ഐ.എ.എൻ.എസിനോട് പറഞ്ഞു.
ക്ലബ് ഹൗസ് ആപ്പിന് സാങ്കേതിക സഹായങ്ങൾ ചെയ്ത ഷാങ്ഹായ് കേന്ദ്രമായ 'അഗോര' ചൈനീസ് സർക്കാറിന് വിവരങ്ങൾ ചോർത്തി നൽകുമെന്ന് യു.എസിലെ സ്റ്റാൻഫോർഡ് സർവകലാശാല മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ 'ക്ഷണം' ആവശ്യമില്ലാതെ ആർക്കും ക്ലബ് ഹൗസിൽ ചേരാനുള്ള അവസരം ഒരുക്കിയിരുന്നു. മേയ് മധ്യത്തോടെ ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിൽ കൂടി അവതരിപ്പിച്ചതോടെ 10 ദശലക്ഷം ഉപയോക്താക്കളെ കൂടി ക്ലബ്ഹൗസിൽ എത്തിക്കാനായതായി കമ്പനി അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.