ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡാര്‍ക്ക് വെബ്. ലഹരിമരുന്നുകള്‍, ആയുധങ്ങള്‍, ചൂതാട്ടം, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുദ്ധമായ ഏത് കാര്യവും ചെയ്യാനും വില്‍പ്പന നടത്താനുമൊക്കെ കഴിയുന്ന സൈബർ ലോകത്തെ കുറ്റകൃത്യങ്ങളുടെ ഇടമാണത്.
സമീപകാലത്തായി ഡാർക് വെബ്ബിൽ നടന്നുവരുന്ന ഒരു കുറ്റകൃത്യം ആളുകളുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനക്ക് വെക്കുന്നതാണ്. സോഷ്യൽ മീഡിയകളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ അപഹരിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ഡാറ്റ, ഡാർക് വെബ്ബിൽ ലഭ്യമായിട്ടുള്ള വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ ഇന്ത്യയിലെ 750 ദശലക്ഷം ടെലികോം ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനക്കെത്തിയിരിക്കുകയാണ്.
സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്സെക് (CloudSEK) ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അവരുടെ എ.ഐ ഡിജിറ്റൽ റിസ്‌ക് പ്ലാറ്റ്‌ഫോമായ എക്സ്വിജിൽ ആണ് ഡാറ്റാ ലീക്ക് കണ്ടെത്തിയത്. പേരുകൾ, മൊബൈൽ നമ്പറുകൾ, വിലാസങ്ങൾ, ആധാർ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങളാണ് ചോർന്നത്. 1.8 ടെറാബൈറ്റ് (1.8 TB) വലിപ്പമുള്ള ഈ വിപുല ഡാറ്റാബേസ് CyboDevil, UNIT8200 എന്നീ സൈബർ ക്രിമിനൽ സംഘമാണ് വിൽപ്പന നടത്തുന്നത്.
രാജ്യംകണ്ട ഏറ്റവും വലിയ ഡാറ്റാ ചോർച്ചകളിൽ ഒന്നാണിത്. ഇന്ത്യൻ ജനസംഖ്യയിലെ 85 ശതമാനം പേരെയും ബാധിക്കുന്നതാണ് ചോർച്ചയെന്നും ഹാക്ക് ചെയ്ത ഡാറ്റ സ്വന്തമാക്കാൻ 3000 ഡോളറാണ് കുറ്റവാളികൾ ആവശ്യപ്പെടുന്നതെന്നും ക്ലൗഡ്സെക് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ എല്ലാ ടെലികോം സേവനദാതാക്കളെയും വിവരച്ചോർച്ച ബാധിച്ചതായി സാമ്പിൾ ഡാറ്റാസെറ്റിൻ്റെ പ്രാഥമിക വിശകലനത്തിന് ശേഷം ക്ലൗഡ്സെക് വെളിപ്പെടുത്തുന്നു. ഈ ലംഘനം സാമ്പത്തിക നഷ്ടം, ഐഡൻ്റിറ്റി മോഷണം, മാനഹാനി, സൈബർ ആക്രമണങ്ങൾക്കുള്ള ഉയർന്ന അപകടസാധ്യത എന്നിവയിലേക്ക് നയിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.