ചെന്നൈ: ശസ്ത്രക്രിയകൾക്ക് ആപ്പിളിന്റെ വിഷൻ പ്രോ ഹെഡ്സെറ്റ് ഉപയോഗിച്ച് ചെന്നൈയിലെ ഡോക്ടർമാർ. ജെം ആശുപത്രിയിലെ ഡോക്ടർമാരാണ് വിഷൻ പ്രോ ഹെഡ്സെറ്റിന്റെ സഹായം ശസ്ത്രക്രിയകൾക്കായി തേടിയത്. വയറിലെ അർബുദം, ഫിസ്റ്റുല, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ ഭേദമാക്കുന്നതിനായി നടത്തുന്ന ലാപ്രോസ്കോപിക് ശസ്ത്രക്രിയകളിലാണ് വിഷൻ പ്രോ ഇവർ ഉപയോഗിച്ചത്.
വിഷൻ പ്രോ പോലുള്ള ഹൈ-ടെക് ഉപകരണങ്ങളുടെ ഉപയോഗം താക്കോൽദ്വാര ശസ്ത്രക്രിയകൾ ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കിയെന്ന് ആശുപത്രിയിലെ ഗാസ്ട്രോഎൻഡോളജിസ്റ്റ് പാർഥസാരഥി പറഞ്ഞു. മോണിറ്ററിൽ കാണുന്നത് കാലതാമസമൊന്നുമില്ലാതെ ആപ്പിൾ വിഷൻ പ്രോയിലും കാണും. യഥാർഥ ലോകത്തിലേക്ക് കണക്ട ചെയ്ത അനുഭവമാണ് വിഷൻ പ്രോ നൽകുന്നത്. രോഗികളുടെ ആന്തരികാവയവങ്ങൾ വലുതായി കാണാനും വിഷൻ പ്രോ സഹായിക്കുന്നുണ്ടെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.
വിദഗ്ധ ഡോകർമാരുമായി ആശയവിനിമയം നടത്താനും ആപ്പിൾ വിഷൻ പ്രോ ഉപയോഗിക്കാം. ശസ്ത്രക്രിയകൾക്ക് ശേഷമുള്ള കഴുത്ത് വേദന ഒഴിവാക്കാനും ഹെഡ്സെറ്റ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ശസ്ത്രക്രിയ മുറിയിൽ ഒരു മോണിറ്റർ മാത്രമാണ് ഉണ്ടാവാറുള്ളത്. രണ്ട് സർജൻമാരും അവർക്ക് പിന്തുണ നൽകുന്ന ജീവനക്കാരും ഈ മോണിറ്ററിൽ നോക്കി വേണം ശസ്ത്രക്രിയ നടത്താൻ. വിഷൻ പ്രോയിൽ ഒരേ സമയം തന്നെ രോഗിയുടെ സി.ടി സ്കാനും എം.ആർ.ഐ സ്കാനും മറ്റ് വിവരങ്ങളും നോക്കാൻ സാധിക്കും. നിരവധി ടാബുകൾ തുറക്കാമെന്നതാണ് വിഷൻ പ്രോയുടെ ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.