ആപ് സ്റ്റോറുമായി ബന്ധപ്പെട്ട ആപ്പിൾ പ്രഖ്യാപിച്ച സ്വകാര്യതാ നയത്തിന് ആഗോളതലത്തിൽ തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ആപ് സ്റ്റോറുകളിലുള്ള ആപ്പുകൾ യൂസർമാരിൽ നിന്നും എന്തൊക്കെ/എത്രത്തോളം ഉപയോക്തൃ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും ട്രാക് ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തണമെന്നായിരുന്നു അവർ ഉത്തരവിട്ടത്.
ടെക് ഭീമനായ ഗൂഗ്ൾ തുടക്കത്തിൽ സ്വകാര്യതാ നയങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാട്ടിയെങ്കിലും രണ്ട് മാസങ്ങളിലധികം കാലതാമസമെടുത്തതിന് ശേഷം ഒടുവിൽ വഴങ്ങാൻ തീരുമാനിച്ചു. ഗൂഗ്ൾ ആപ്പിനും ക്രോം ബ്രൗസറിനും ഓരോ അപ്ഡേറ്റുകൾ നൽകിക്കൊണ്ടായിരുന്നു ഗൂഗ്ൾ എന്തൊക്കെ വിവരങ്ങളാണ് യൂസർമാരിൽ നിന്നും ശേഖരിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ഉൽപന്നം വ്യക്തിഗതമാക്കുന്നതിന് വേണ്ടിയാണ് ഉപയോക്തൃ വിവരങ്ങൾ ശേഖരിച്ച് അവ യൂസർ പ്രൊഫൈലുകളിൽ ലിങ്ക് ചെയ്യുന്നതെന്നാണ് ഗൂഗ്ൾ വിശദീകരിക്കുന്നത്. അതിനായി, ലൊക്കേഷൻ ഹിസ്റ്ററി, യൂസർമാരുടെ ഓഡിയോ ഡാറ്റ, കോൺടാക്ട് വിവരങ്ങൾ, ഉപയോഗിക്കുന്ന ഡിവൈസിന്‍റെ വിവരങ്ങൾ, ബ്രൗസിങ് ഹിസ്റ്ററികൾ, ആപ്പിലൂടെ നടത്തിയ പണമിടപാട് അടക്കമുള്ള ഫിനാൻഷ്യൽ വിവരങ്ങൾ, തുടങ്ങിയ സുപ്രധാനമായ പലതും ഗൂഗ്ൾ ശേഖരിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, സെർച്ച് എഞ്ചിൻ ഭീമന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ, അവർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് ഗൂഗ്ളിന്റെ പ്രധാന എതിരാളികളായ ഡക്ഡക്ഗോ. യൂസർമാരുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകി നിർമിക്കപ്പെട്ട വെബ് ബ്രൗസറായ ഡക്ഡക്ഗോ അതേ വിഷയത്തിൽ പലപ്പോഴായി ഗൂഗ്ളിനെ ആക്രമിച്ചിരുന്നു.
ഗൂഗ്ൾ ആളുകളിൽ ചാരപ്പണി നടത്തുകയാണെന്നാണ് അവർ ആരോപിക്കുന്നത്. ഗൂഗ്ൾ ആപ്പും ക്രോം ബ്രൗസറും യൂസർമാരിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്ന സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചുകൊണ്ടാണ് ഡക്ഡക്ഗോ ട്വിറ്ററിൽ പ്രതികരിച്ചത്. 'മാസങ്ങളോളം സതംഭിപ്പിച്ചതിന് ശേഷം ക്രോമിലൂടെയും ഗൂഗ്ൾ ആപ്ലിക്കേഷനിലൂടെയും എത്രത്തോളം സ്വകാര്യ ഡാറ്റ ശേഖരിക്കുന്നുണ്ടെന്ന് ഒടുവിൽ ഗൂഗ്ൾ വെളിപ്പെടുത്തി. അത് മറച്ചുവെക്കാൻ അവർ താൽപര്യപ്പെട്ടതിൽ അതിശയിക്കാനില്ല. ഒരു മികച്ച വെബ് ബ്രൗസറോ സെർച്ച് എഞ്ചിനോ നിർമിക്കുന്നതിന് ഉപയോക്താക്കളിൽ ചാരപ്പണി ചെയ്യേണ്ട ആവശ്യമില്ല. ഞങ്ങൾക്കത് അറിയാം. (ഞങ്ങളുടെ ആപ്ലിക്കേഷൻ രണ്ടും ഒന്നിലാണ്). -ഡക്ഡക്ഗോ ട്വിറ്ററിൽ കുറിച്ചു.
After months of stalling, Google finally revealed how much personal data they collect in Chrome and the Google app. No wonder they wanted to hide it.
— DuckDuckGo (@DuckDuckGo) March 15, 2021
⁰
Spying on users has nothing to do with building a great web browser or search engine. We would know (our app is both in one). pic.twitter.com/lJBbLTjMuu
ആപ്പിളിന്‍റെ പുതിയ നയങ്ങൾക്ക് പിന്നാലെ പെട്ടിരിക്കുന്ന പ്രമുഖൻ ഗൂഗ്ൾ മാത്രമല്ല, ആമസോൺ, ഫേസ്ബുക്ക് (വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം) തുടങ്ങിയ പ്രധാനപ്പെട്ട ആപ്പുകളും വ്യാപകമായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അവയെല്ലാം എത്രത്തോളം വിവരങ്ങളാണ് ചോർത്തുന്നത് എന്ന് ആപ് സ്റ്റോറിൽ പോയി ഓരോ ആപ്പിന്‍റെയും 'ആപ് പ്രൈവസി' എടുത്തുനോക്കിയാൽ മനസിലാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.