ഫേസ്ബുക്കിനും ട്വിറ്ററിനും ഒടിവെക്കാൻ മസ്ക്..; പുതിയ സമൂഹ മാധ്യമത്തെ കുറിച്ച് അലോചനയിലെന്ന്...

ട്വിറ്ററിനും അതുപോലെ മെറ്റയുടെ ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും മേലെ ഇനിയൊരു സമൂഹ മാധ്യമത്തിന് ലോകത്ത് സാധ്യതയുണ്ടോ..? ഓർക്കുട്ടിന്റെ പതനത്തിന് ശേഷം ടെക് രംഗത്തെ രാജാക്കന്മാരിലൊരാളായ ഗൂഗിളിന് പോലും, പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിനെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

എന്നാൽ, ഒറ്റ ട്വീറ്റിലൂടെ ബിറ്റ് കോയിനെ പോലും കൂപ്പുകുത്തിക്കാൻ കെൽപ്പുള്ള ഒരാൾക്ക് ചിലപ്പോൾ അതിന് സാധ്യമായേക്കും. അതെ, ലോക കോടീശ്വരനും ടെസ്‍ല തലവനുമായ 'ഇലോൺ മസ്ക്' മനസുവെച്ചാൽ, ഒരു പക്ഷെ ഫേസ്ബുക്കിനും ട്വിറ്ററിനും ബദലായി മൂന്നാമതൊരു സമൂഹ മാധ്യമ പ്ലാറ്റ്ഫോം ഉണ്ടായേക്കാം. ആ സംശയം ഇലോൺ മസ്കിനോട് തന്നെ ചോദിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ.

'ഇലോൺ മസ്ക് താങ്കള്‍ പുതിയൊരു സമൂഹ മാധ്യമം തുടങ്ങുന്ന കാര്യം പരിഗണിക്കുമോ..? ഓപ്പണ്‍ സോഴ്‌സ് അല്‍ഗോരിതങ്ങള്‍ ഉള്‍ക്കൊള്ളിച്ച്, സംഭാഷണ സ്വാതന്ത്ര്യത്തിന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നതും പ്രൊപ്പഗണ്ടക്ക് സ്ഥാനമില്ലാത്തതുമായ ഒന്ന്..? അത്തരത്തിലൊരു പ്ലാറ്റ്‌ഫോം ഇവിടെ വേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്' - പ്രണയ് പാതൊൾ എന്ന ട്വിറ്റർ യൂസർ മസ്കിനെ മെൻഷൻ ചെയ്തുകൊണ്ട് ചോദിച്ചു.

ഇതിന് മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തത് 'അക്കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കും' എന്നാണ്. അതോടെ ടെക്​ ലോകത്ത് വലിയ ചർച്ചക്കാണ് മസ്ക് തുടക്കമിട്ടിരിക്കുന്നത്. എന്നാൽ, കേവലം ചുരുങ്ങിയ വാക്കുകൾ കൊണ്ടുള്ള മറുപടിയിൽ അദ്ദേഹം നിർത്തിയില്ല. തന്റെ ട്വിറ്റർ ഹാൻഡിലിൽ ഒരു വോട്ടെടുപ്പ് തന്നെ മസ്ക് നടത്തി.

ജനാധിപത്യത്തിന്റെ പ്രവര്‍ത്തനത്തിന് സംഭാഷണ സ്വാതന്ത്ര്യം അത്യന്താപേക്ഷിതമാണ്, ട്വിറ്റര്‍ ഈ തത്വം കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ കരുതുന്നുണ്ടോ..? എന്നായിരുന്നു തന്നെ പിന്തുടരുന്നവരോട് അദ്ദേഹം ചോദിച്ചത്. നിങ്ങളുടെ അഭിപ്രായം വളരെ പ്രാധാന്യമേറിയതാണെന്നും ശ്രദ്ധയോടെ വോട്ടുചെയ്യണമെന്നും അദ്ദേഹം കുറിച്ചിരുന്നു.

മസ്കിന്റെ വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേരായിരുന്നു. അവരിൽ 70.4 ശതമാനം ആളുകൾ 'ഇല്ല' എന്ന ഉത്തരമാണ് നൽകിയത്. അതേസമയം തൊട്ടടുത്ത ട്വീറ്റിൽ മസ്ക് പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വേണ്ടതുണ്ടോ..? എന്നും ചോദിച്ചിരുന്നു. അതിന് താഴെ ആയിരക്കണക്കിന് പേരാണ് 'വേണമെന്ന' ആവശ്യവുമായി എത്തിയത്.

ട്വിറ്ററിനോടുള്ള അനിഷ്ടം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള ഇലോൺ മസ്ക്, ജാക്ക് ഡോർസിയുടെ രാജിക്ക് പിന്നാലെ മൈക്രോ ബ്ലോഗിങ് സൈറ്റിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ഡോർസിക്ക് പകരക്കാരനായി സ്ഥാനമേറ്റതോടെ അദ്ദേഹത്തിനെതിരെയും മസ്ക് രംഗത്തെത്തുകയുണ്ടായി.

മസ്കിന്റെ പുതിയ നീക്കം യാഥാർഥ്യമാവുകയാണെങ്കിൽ ഫേസ്ബുക്കിനും ട്വിറ്ററിനും വലിയ തിരിച്ചടിയാകും അതുണ്ടാക്കുക. എന്തായാലും നെറ്റിസൺസ് ആവേശത്തിലാണ്.

Tags:    
News Summary - Elon Musk says he's considering building new social media platform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT