വിചിത്രമായ ട്വീറ്റുകളിലൂടെ വാർത്തകളിൽ ഇടംനേടാറുള്ള വ്യക്തിയാണ് ഇലോൺ മസ്ക്. സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ ബിറ്റ് കോയിൻ മൂല്യത്തിൽ വരെ അദ്ദേഹം മാറ്റം വരുത്തിയിട്ടുണ്ട്. 'ഡോഷ് ഇന്‍റർനെറ്റ് മീം കോയിനാ'യ ഡോഷ് കോയിനെ (Dogecoin) 25 പൈസയിൽ നിന്നും ഇപ്പോഴത്തെ മൂല്യമായ 12.70 രൂപയിലെത്തിക്കുന്നതിൽ മസ്ക് വഹിച്ച പങ്ക് ചെറുതല്ല.
മസ്ക് വീണ്ടും ഒരു ട്വീറ്റിന്‍റെ പേരിൽ വാർത്തകളിൽ നിറയുകയാണ്. ഇപ്പോള്‍ ചെയ്യുന്ന ജോലി മതിയാക്കാനുള്ള ആഗ്രഹം പറയുന്ന ട്വീറ്റ് ടെക് ലോകത്ത് വലിയ ചര്‍ച്ചയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്
''ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്ന് രാജിവെച്ച് ഇനി ഒരു ഫുൾ-ടൈം ഇന്‍ഫ്‌ളുവന്‍സര്‍ മാത്രമായിരിക്കാൻ ആഗ്രഹിക്കുന്നു, എന്താണ് നിങ്ങളുടെ അഭിപ്രായം'..? - എന്നാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്. നിലവില്‍ ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ സി.ഇ.ഒയും സ്‌പെയ്‌സ് എക്‌സ് എന്ന സ്‌പെയ്‌സ് ടൂറിസം കമ്പനിയുടെ സ്ഥാപക സി.ഇ.ഒയുമാണ് ഇലോൺ മസ്ക്
നിലവിൽ 3.78 ലക്ഷത്തിലധികം ലൈക്കുകളും ആയിരക്കണക്കിന് കമന്‍റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. എങ്കിലും ട്വീറ്റ് മസ്കിന്റെ പതിവുപോലെയുള്ള തമാശയാണോ, അതോ സീരിയസായി പറയുന്നതാണോ എന്ന സംശയത്തിലാണ് നെറ്റിസൺസ്.
'താങ്കൾ ഇപ്പോൾ തന്നെ മറ്റേത് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറേക്കാൾ വലിയ സ്വാധീന ശക്തിയല്ലേ...' എന്നായിരുന്നു ട്വീറ്റിന് വന്ന ഒരു കമന്‍റ്. രാജിവെച്ചാൽ യൂട്യൂബിൽ പുതിയ ചാനല് തുടങ്ങാൻ ഉപദേശിച്ചവരും ഏറെയാണ്. നിരവധി യൂട്യൂബർമാരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളുമാണ് താഴെ കമന്‍റുകളുമായി എത്തിയത്.
മുമ്പ് പലതവണയായി ഇലോൺ മസ്ക് തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നീണ്ടതും തിരക്കേറിയതുമായ ഔദ്യോഗിക ജീവിതത്തിൽ നിന്നും അൽപ്പ സമയമെങ്കിലും വിശ്രമിക്കാൻ കഴിഞ്ഞെങ്കിൽ നല്ലതായിരുന്നു എന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്‍റെ വാക്കുകൾ.
മസ്ക് ഈയിടെ തന്‍റെ അവസാനത്തെ ആഡംബര വീടും വിറ്റൊഴിവാക്കിയിരുന്നു. സ്‌പേസ് എക്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചൊവ്വാ ദൗത്യത്തിന്‍റെ ഭാഗമായി ഭൂമിയിലുള്ള തന്റെ വസ്തുവകകളെല്ലാം വില്‍ക്കുകയാണെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്.
അതുപോലെ കഴിഞ്ഞ മാസം ടെസ്ലയിലെ തന്റെ 10 ശതമാനം ഓഹരികൾ വിൽക്കണോയെന്നും മസ്ക് ട്വീറ്റ് ചെയ്യുകയുണ്ടായി. പിന്നാലെ 12 ബില്യൺ ഡോളർ മൂല്യം വരുന്ന ഓഹരികൾ അദ്ദേഹം വിറ്റൊഴിവാക്കിയിരുന്നു.
ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം 266 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് നിലവിൽ ലോകത്തിലെ ഏറ്റവും ധനികനാണ്, എതിരാളിയായ ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ സമ്പത്ത് 200 ബില്യൺ ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.