ഐഫോൺ 15 സീരീസ് സെപ്തംബർ 12-ന് ലോഞ്ച് ചെയ്യാൻ പോവുകയാണ്. മുൻ മോഡലുകളെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളുമായാണ് ഇത്തവണ ഐഫോൺ എത്തുന്നത്. പ്രത്യേകിച്ച് ലൈറ്റ്നിങ് പോർട്ടുകൾക്ക് പകരം യു.എസ്.ബി-സി ചാർജിങ് പോർട്ടുകളും കാമറയിലെ മാറ്റങ്ങളുമാണ് എടുത്തുപറയേണ്ടത്. എന്നാൽ, ലോക കോടീശ്വരനും ടെസ്‍ല തലവനുമായ ഇലോൺ മസ്കിന് ഐഫോണുകളെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്.
അദ്ദേഹം ഇന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ആപ്പിളിനെ ട്രോളിക്കൊണ്ട് രംഗത്തുവന്നു. gaut എന്ന പേരിലുള്ള പ്രൊഫൈൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്ക് ആപ്പിളിനെ കൊട്ടിയത്. ‘‘എന്റെ നിലവിലെ ഐഫോണും മുൻ പതിപ്പുകളും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് എനിക്ക് യാതൊരു വ്യക്തതയുമില്ല. ക്യാമറ മാത്രം ഒരു 10 ശതമാനം മികച്ചതാണോ?’’ - ഇലോൺ മസ്ക് കുറിച്ചു. ആപ്പിൾ വർഷംതോറും ഒരുപോലെയുള്ള ഐഫോണുകളുമായി എത്തുന്നതിനെ കളിയാക്കിയുള്ള പോസ്റ്റിലായിരുന്നു അദ്ദേഹം ഈ കമന്റ് കുറിച്ചത്.
നിരവധിയാളുകളാണ് ഇലോൺ മസ്കിന്റെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തുവന്നത്. ചിലയാളുകൾ മസ്കിനോട് പുതിയ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ആപ്പിളിനെ പിന്തുണച്ചുള്ള കമന്റുകളും ധാരാളമെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.