‘എത്രയും പെട്ടന്ന് ടിക് ടോക് ഫോണുകളിൽ നിന്ന് ഒഴിവാക്കണം’; ജീവനക്കാരോട് യൂറോപ്യൻ യൂണിയൻ കമീഷൻ

ചൈനീസ് ഷോർട്ട് വിഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക് സ്മാർട്ട്ഫോണുകളിൽ നിന്ന് നീക്കം ചെയ്യാൻ ജീവനക്കാരോട് നിർദേശിച്ച് യൂറോപ്യൻ യൂണിയൻ കമീഷൻ. സൈബർ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ രണ്ട് നയരൂപീകരണ സ്ഥാപനങ്ങൾ പുതിയ തീരുമാനവുമായി എത്തിയിരിക്കുന്നത്. കോർപറേറ്റ് ഫോണുകളിൽ നിന്നും പ്രൊഫഷണൽ ആപ്പുകൾ ഉപയോഗിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിൽ നിന്നും ടിക് ടോക് നീക്കം ചെയ്യണമെന്നാണ് നിർദേശം.

“സൈബർ സുരക്ഷ വർധിപ്പിക്കുന്നതിന്, കമീഷൻ കോർപ്പറേറ്റ് മാനേജ്‌മെന്റ് ബോർഡ് അതിന്റെ കോർപ്പറേറ്റ് ഉപകരണങ്ങളിലും കമീഷൻ മൊബൈൽ ഡിവൈസ് സർവീസിൽ എൻറോൾ ചെയ്‌തിരിക്കുന്ന വ്യക്തിഗത ഉപകരണങ്ങളിലും ടിക് ടോക് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു,” -യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ടിക് ടോക്ക് ഉൾപ്പെട്ട ഡാറ്റ ലീക് പോലുള്ള ഏതെങ്കിലും സംഭവങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും യൂറോപ്യൻ യൂണിയൻ കമീഷൻ പുറത്തുവിട്ടിട്ടില്ല.

തീരുമാനത്തെ എതിർത്ത് ടിക് ടോക് അധികൃതർ രംഗത്തുവന്നിട്ടുണ്ട്. തെറ്റിദ്ധാരണകളുടെ പുറത്താണ് കമീഷന്റെ നടപടിയെന്നും ഇത് തീർത്തും നിരാശാജനകമായ തീരുമാനമാണെന്നും അവർ അറിയിച്ചു.

കഴിഞ്ഞ നവംബറിൽ ചൈനയിലെ തങ്ങളുടെ സ്റ്റാഫിന് യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ടിക് ടോക് സമ്മതിച്ചിരുന്നു. എന്നാൽ, ആപ്പോ, അതിന്റെ ഡാറ്റയോ നിയന്ത്രിക്കുന്നതിൽ ചൈനീസ് സർക്കാരിന്റെ പങ്കാളിത്തം അവർ നിഷേധിച്ചു.

അതേസമയം, യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ ടിക്‌ടോക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഷൗ സി ച്യൂവിന് മുന്നറിയിപ്പ് നൽകിയതിന് ഒരു മാസത്തിന് ശേഷമാണ് ഇ.യു പുതിയ തീരുമാനവുമായി എത്തുന്നത്.

Tags:    
News Summary - EU Commission asks staff to remove TikTok from phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT