ന്യൂഡൽഹി: ഏഴുമണിക്കൂറുകൾക്ക് ശേഷം പണിമുടക്കിയ പ്രമുഖ സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ വീണ്ടും പ്രവർത്തനസജ്ജമായി. ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് ക്ഷമ ചോദിച്ചു.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമ അപ്ലക്കേഷനുകൾ നിശ്ചലമായത്. ചൊവ്വാഴ്ച പുലർച്ചെ പ്രശ്നം ഭാഗികമായി പരിഹരിച്ചതോടെയാണ് സമൂഹ മാധ്യമ ലോകം വീണ്ടും സജീവമായത്. എന്നാൽ ഫേസ്ബുക്ക് മെസഞ്ചറിന്‍റെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും പ്രശ്നങ്ങൾ നേരിടുന്നതായി ചില വാട്സ്ആപ്പ് ഉപയോക്താക്കളും പരാതിപ്പെടുന്നു.
വാട്സ്ആപ്പിൽ മെസ്സേജുകൾ അയക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളായിരുന്നു നിലച്ചിരുന്നത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഫീഡുകൾ ലോഡാവാത്ത അവസ്ഥയുമുണ്ടായി.ആപ്പുകൾ പ്രവർത്തനരഹിതമായതോടെ ഫേസ്ബുക്കിന്റെ ഓഹരിയിൽ ഇടിവുണ്ടായിരുന്നു. ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനമാണ് ഇടിഞ്ഞത്.
കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് ആപ്പുകൾ നിശ്ചലമാകാൻ കാരണമെന്നും അട്ടിമറി സാധ്യത നടന്നതായും ചില സാങ്കേതിക വിദഗ്ധർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡി.എൻ.എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.