ഫോൺ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായിട്ട് നാളേറെയായി. എന്നാൽ, എത്രസമയം നാം അതിനുമുൻപിൽ ചെലവഴിക്കുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?. ഇൗ വിഷയത്തിൽ വിശദമായ പഠനം നടന്നു കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ മൊബൈൽ ഫോൺ, ആപ്പ് ഉപയോഗം സംബന്ധിച്ച ‘ആപ്പ് ആനി’ (ഇപ്പോൾ ഡേറ്റാ ഡോട്ട് എ.ഐ.) എന്ന വിവര വിശകലന ഏജൻസിയുടെ 2023-ലെ സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്.
ഇന്ത്യയിൽ സ്മാർട്ട്ഫോൺ സ്വന്തമായുള്ളവർ ദിവസം ശരാശരി അഞ്ചുമണിക്കൂർവരെ ഫോണിനുമുന്നിൽ ചെലവഴിക്കുന്നതായാണ് കണ്ടെത്തൽ. ഈ വിഷയത്തിൽ ലോകത്ത് തന്നെ എട്ടാംസ്ഥാനത്താണ് ഇന്ത്യ. ചുരുങ്ങിയത് ദിവസം ശരാശരി 4.9 മണിക്കൂർ വീതമെന്നാണ് കണക്ക്. ഇൻഡൊനീഷ്യയാണ് മുന്നിൽ. ബ്രസീൽ, സൗദി അറേബ്യ, സിങ്കപ്പുർ, ദക്ഷിണ കൊറിയ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്.
ആപ്പിലായ ഇന്ത്യ; ഓൺലൈൻ ഷോപ്പിങ്
വിവിധ ആവശ്യങ്ങൾക്കായുള്ള ആപ്പുകൾ സ്വന്തമാക്കുന്നതിലും ഇന്ത്യക്കാർ പിന്നിലല്ല. കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്തത് 2800 കോടി ആപ്പുകളാണ്. ലോകത്താകെയിത് 62,500 കോടിയാണ്. ഇതിന്റെ അഞ്ചുശതമാനമാണ് ഇന്ത്യയിൽനിന്നുള്ളത്. ഇത്തരം ആപ്പുകളിലായി ഇന്ത്യക്കാർ ചെലവിട്ടാതാകട്ടെ 74,000 മണിക്കൂറാണ്. ആപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഓൺലൈൻ ഷോപ്പിങ്ങിലും ഇന്ത്യക്കാർ പിന്നിലല്ല. വിവിധ ഇ-കൊമേഴ്സ് ആപ്പുകളിലായി 2022ൽ ഇന്ത്യക്കാർ ചെലവിട്ടത് 870 കോടി മണിക്കൂറാണ്. ലോകത്താകെയുള്ള കണക്കെടുത്താൽ 11,000 കോടി മണിക്കൂറാണിത്. ചൈനയാണ് മുന്നിൽ. ഇന്ത്യ രണ്ടാമതും. ഡേറ്റാ എ.ഐ.യുടെ പട്ടികപ്രകാരം ലോകത്ത് കൂടുതൽ ഡൗൺലോഡ് ചെയ്തിട്ടുള്ള സാമ്പത്തികസേവന ആപ്പുകളിൽ അഞ്ചെണ്ണം ഇന്ത്യയിൽനിന്നുള്ളതാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് യു.പി.ഐ. ഇടപാടുകൾക്കുള്ള ഫോൺ പേയാണ്. പേടിഎം, ഗൂഗിൾ പേ എന്നിവ രണ്ടും മൂന്നും സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.