ആപ്പിളിന്റെ ഏറ്റവും വലിയ കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ കർണാടകയിൽ 2024 ഏപ്രിലോടെ ഐഫോണുകളുടെ നിർമ്മാണം ആരംഭിക്കുമെന്ന് സംസ്ഥാന സർക്കാർ ഇന്ന് അറിയിച്ചു. ഫാക്ടറിക്കുള്ള ഭൂമി ജൂലൈ ഒന്നിന് ഫോക്‌സ്‌കോണിന് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. 13,000 കോടിയോളം മുടക്കുന്ന പദ്ധതി ഏകദേശം 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കരാർ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, കർണാടക തലസ്ഥാനവും ടെക് ഹബ്ബുമായ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളിയിലെ പ്ലാന്റിൽ പ്രതിവർഷം 20 ദശലക്ഷം ഐഫോണുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങളും മറ്റും പുതിയ ഐഫോണുകളുടെയും ഉപകരണങ്ങളുടെയും ഉത്പാദനം തടസ്സപ്പെടുത്താൻ തുടങ്ങിയതോടെയാണ് ആപ്പിൾ ചൈനയിൽ നിന്ന് ഉത്പാദന കേന്ദ്രങ്ങൾ മാറ്റാൻ തീരുമാനിച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയപരമായ പ്രശ്നങ്ങൾ തങ്ങളുടെ ബിസിനസിനെ ബാധിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ടെക് ഭീമൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഉത്പാദനം മാറ്റുന്നത്.
അതേസമയം, ഐഫോൺ നിർമാണത്തിന് പിന്നാലെ ഇന്ത്യയിൽ വയർലെസ് ഇയർഫോണായ എയർപോഡുകളും നിർമിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. എയർപോഡുകൾ നിർമ്മിക്കാൻ ആപ്പിളിൽ നിന്ന് ഓർഡർ പിടിച്ച ഫോക്‌സ്‌കോൺ 20 കോടി യുഎസ് ഡോളര്‍ മുടക്കി തെലങ്കാനയിൽ ഫാക്ടറി നിർമ്മിക്കാൻ പദ്ധതിയിടുന്നതായി മുമ്പ് റിപ്പോർട്ട് വന്നിരുന്നു. ഫോക്‌സ്‌കോൺ ആദ്യമായാണ് എയർപോഡുകൾ നിർമ്മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.