ഗൂഗിൾ എ.ഐ ചാറ്റ്ബോട്ട് ഇനി മലയാളം സംസാരിക്കും; ചാറ്റ്ജിപിടിയെ വെല്ലാൻ ബാർഡി’ൽ കിടിലൻ അപ്ഡേറ്റെത്തി

നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ വെല്ലാൻ ഗൂഗിൾ അവതരിപ്പിച്ച ബാർഡിൽ (Bard) സുപ്രധാന അപ്ഡേുകളെത്തി. ബഹുഭാഷാ പിന്തുണയാണ് അതിൽ ഏറ്റവും എടുത്തുപറയേണ്ടത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബെംഗാളി, കന്നട, ഉറുദു ഉള്‍പ്പടെ 40 ഭാഷകളിൽ ഇനി ഗൂഗിൾ ബാർഡിന് നന്നായി ആശയവിനിമയം നടത്താനാകും. ഇന്ത്യയിലെ ഉപയോക്താക്കളുടെ വൈവിധ്യമാർന്ന ഭാഷാപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പ്രത്യേക ഊന്നൽ നൽകുന്നതാണ് പുതിയ അപ്ഡേറ്റ്. കൂടാതെ, ബ്രസീൽ പോലുള്ള രാജ്യങ്ങളിലും യൂറോപ്പിലുടനീളവും ബാർഡിന്റെ ലഭ്യത ഗൂഗിൾ വിപുലീകരിച്ചുകഴിഞ്ഞു.

ബാർഡിൽ വന്ന അപ്‌ഡേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് ഇമേജ് പ്രോംപ്റ്റ് മനസ്സിലാക്കാനുള്ള കഴിവാണ്. ഇനി ബാർഡിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. നിങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങൾ മനസിലാക്കാനും അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകാനും ബാർഡിന് കഴിയും. ഗൂഗിൾ ലെൻസിലെ ഫീച്ചറുകളാണ് എ.ഐ ചാറ്റ്ബോട്ടിലെത്തിയത്. എന്നാൽ നിലവിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രം ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനായി ​പ്രത്യേക അപ്ലോഡ് ബട്ടണും ബാർഡിൽ ചേർത്തിട്ടുണ്ട്. ഇത് സൗജന്യമായി തന്നെ ഉപയോഗപ്പെടുത്താം.


ബാർഡിനോട് ചോദിച്ചാൽ ലഭിക്കുന്ന മറുപടികൾ ഇനി വായിക്കുന്നതിന് പുറമേ കേൾക്കാനും സാധിക്കും. നിങ്ങൾ കവിതയോ കഥയോ തയ്യാറാക്കാൻ എ.ഐ ചാറ്റ്ബോട്ടിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് വായിച്ച് കഷ്ടപ്പെടേണ്ടതില്ല, ബാർഡ് തന്നെ പറഞ്ഞുകേൾപ്പിച്ചു തരും. അതുപോലെ, നിങ്ങളുടെ സംശയത്തിനുള്ള മറുപടികൾ പല രീതിയിൽ ക്രമീകരിക്കാനുള്ള ഓപ്ഷനുമുണ്ട്. വിശദീകരിച്ചുള്ള മറുപടി, ലളിതമായത്, ചെറുത്, പ്രൊഫഷണൽ എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളിൽ അത് ലഭ്യമാണ്. ബാര്‍ഡ് നല്‍കുന്ന മറുപടികള്‍ ലിങ്കുകളായി മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെക്കാനുള്ള ഫീച്ചറുമുണ്ട്. 

മലയാളത്തിൽ ഗൂഗിൾ ബാർഡിനോട് ചാറ്റ് ചെയ്തു തുടങ്ങാൻ https://bard.google.com എന്ന ലിങ്ക് സന്ദർശിക്കൂ

Tags:    
News Summary - Google Bard AI now chats in 40 languages including Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.