വാട്സ്ആപ്പ് ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് യൂസർമാർക്ക് ദുഃഖവാർത്ത. ഇതുവരെ വാട്സ്ആപ്പ് ചാറ്റുകൾ ക്ലൗഡിൽ സേവ് ചെയ്യാനായി ഗൂഗിൾ അക്കൗണ്ട് ലിങ്ക് ചെയ്താൽ മാത്രം മതിയായിരുന്നു. വർഷങ്ങളായുള്ള ചാറ്റ് ബാക്കപ്പുകൾ സൗജന്യമായി സംരക്ഷിക്കാനുള്ള സൗകര്യം വാട്സ്ആപ്പും ഗൂഗിളും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഐ.ഒ.എസിൽ വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ ഐക്ലൗഡ് സ്റ്റോറേജിലേക്കാണ് സേവ് ചെയ്യപ്പെടുന്നത്. ഇനിമുതൽ ആൻഡ്രോയ്ഡും അതേപാത പിന്തുടരാൻ പോവുകയാണ്.
അതെ, ഇനിമുതൽ നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്‌താൽ, അത് നിങ്ങളുടെ സ്‌റ്റോറേജ് സ്‌പെയ്‌സിന്റെ ഭാഗമായി തന്നെ കണക്കാക്കും. അതായത്, വാട്സ്ആപ്പ് ചാറ്റുകൾ ബാക്കപ്പ് ചെയ്യുന്നത് ഗൂഗിൾ ഡ്രൈവിൽ നേരിട്ട് സംഭരിക്കപ്പെടുകയും അതിന്റെ ഫയൽ സൈസിനനുസരിച്ച് ഗൂഗിൾ നൽകുന്ന 15 ജിബി സൗജന്യ സ്റ്റോറേജിൽ കണക്കാക്കുകയും ചെയ്യും.
ഗൂഗിൾ ഡ്രൈവിലെ നിങ്ങളുടെ 15GB സൗജന്യ സ്‌റ്റോറേജ് ക്വാട്ട തീർന്നുപോയെങ്കിൽ വാട്സ്ആപ്പ് ബാക്കപ്പിനായി ചില ഫയലുകൾ ക്ലൗഡിൽ നിന്ന് ഡിലീറ്റ് ചെയ്യേണ്ടതായി വരും. കാരണം, സ്റ്റോറേജ് നിറഞ്ഞാൽ, 100 ജിബിക്ക് മാസം 130 രൂപ വെച്ച് ഗൂഗിളിന് പണം നൽകണം. ഈ വർഷം ഡിസംബറിൽ പുതിയ മാറ്റം വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ആദ്യം ലഭ്യമാകുമെന്ന് വാട്സ്ആപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 2024-ന്റെ ആദ്യ പകുതിയിൽ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും അത് എത്തിച്ചേരും.
"ഈ മാറ്റം സംഭവിക്കുന്നതിന് 30 ദിവസം മുമ്പ്" വാട്സ്ആപ്പ് സെറ്റിങ്സിലെ "ചാറ്റ് ബാക്കപ്പ്" ഓപ്ഷനിൽ പ്രത്യക്ഷപ്പെടുന്ന ബാനറിലൂടെ ഉപയോക്താക്കളെ എല്ലാം അറിയിക്കുമെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.