ഗൂഗ്ളിന് 20,000,000,000,000,000,000,000,000,000,000,000 ഡോളർ പിഴയിട്ട് റഷ്യ

മോസ്‌കോ: ഗൂഗിളിന് ഭീമമായ പിഴയിട്ട് റഷ്യ. 20,000,000,000,000,000,000,000,000,000,000,000 (രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍) ഡോളറാണ് പിഴത്തുക. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിനെതിരെയാണ് റഷ്യ 20 ഡെസില്യൺ ഡോളറിന്റെ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക മാനദണ്ഡങ്ങളെയും മറികടക്കുന്നതാണ് ഈ തുക.

യൂട്യൂബില്‍ റഷ്യന്‍ സര്‍ക്കാര്‍ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞുകൊണ്ട് ഗൂഗിള്‍ ദേശീയ പ്രക്ഷേപണ നിയമങ്ങള്‍ ലംഘിച്ചുവെന്ന റഷ്യന്‍ കോടതി വിധിയെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. ഒമ്പത് മാസ കാലയളവിനുള്ളില്‍ യൂട്യൂബില്‍ ചാനലുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഓരോ ദിവസവും പിഴ ഇരട്ടിയാക്കി മൊത്തം പിഴത്തുക കൂട്ടുമെന്നും വിധിയില്‍ പറയുന്നു.

2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാല്‍, ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ പിഴത്തുക കണ്ടെത്താനാവില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022 മാര്‍ച്ചില്‍ ആര്‍.ടി, സ്പുട്നിക് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ആഗോളതലത്തില്‍ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണക്കുന്ന ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - 20 decillion dollars for Google (34 zeros after two) Russia fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.