ഇന്റർനെറ്റില്ലാതെ ഫോണിൽ ലൈവ് ടിവി; ‘ഡയറക്ട്-ടു-​മൊബൈൽ’ ടെക്നോളജി സാധ്യതകൾ തേടി കേന്ദ്രം

സ്മാർട്ട്ഫോൺ സ്ക്രീനിൽ ലൈവ് ടിവി ആസ്വദിക്കണമെങ്കിൽ ഇപ്പോൾ ഇന്റർനെറ്റ് വേണം. ജിയോടിവി അടക്കമുള്ള നിരവധി ആപ്പുകൾ ജനപ്രിയ ചാനലുകൾ ഫോണിൽ ലൈവായി തന്നെ ആസ്വദിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ഡാറ്റാ കണക്ഷനില്ലാതെ ടിവി ചാനലുകൾ ഫോണിൽ കാണാൻ കഴിയുമെങ്കിൽ അത് എത്ര ഉപകാരപ്രദമായിരിക്കും. പ്രത്യേകിച്ച് മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്.

വീട്ടിലെ ടെലിവിഷൻ സ്ക്രീനിൽ കേബിൾ ടിവി കണക്ഷനെടുത്തും ഡയറക്ട് ടും ഹോം (ഡി.ടി.എച്ച്) സേവനങ്ങൾ ഉപയോഗിച്ചും ലൈവായി ചാനലുകൾ ആസ്വദിക്കുന്നത് പോലെ ഫോണിലും ഇന്റർനെറ്റില്ലാതെ കാണാൻ കഴിയുന്ന കാലം വന്നേക്കാം. കാരണം, ഡാറ്റാ കണക്ഷനില്ലാതെ മൊബൈൽ ഫോണുകളിലേക്ക് ടിവി ചാനലുകളുടെ തത്സമയ സംപ്രേക്ഷണം അനുവദിക്കുന്ന ഡയറക്‌ട്-ടു-മൊബൈൽ അഥവാ ഡി2എം (D2M) സാങ്കേതികവിദ്യയുടെ സാധ്യതകൾ കേന്ദ്ര സർക്കാർ തേടിക്കൊണ്ടിരിക്കുകയാണ്.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഐഐടി-കാൺപൂരുമായി ചേർന്ന് അതിനുള്ള കാര്യമായ പരി​ശ്രമങ്ങളിലാണെന്ന് എകണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾ സാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ്. ടെലികോം ഓപ്പറേറ്റർമാർ ഉൾപ്പെടെ എല്ലാ പങ്കാളികളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും,” -പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ എകണോമിക് ടൈംസിനോട് പറഞ്ഞു.

ടെലികോം സേവനദാതാക്കൾ എതിർത്തേക്കാം..

അതെ, ടെലികോം ഓപ്പറേറ്റർമാർ കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ എതിർത്ത് രംഗത്ത് വന്നേക്കാം. കാരണം, വരിക്കാർ വിഡിയോ കാണുന്നതിലൂടെ അവർക്ക് ലഭിക്കുന്ന ഡാറ്റാ വരുമാനത്തെ കാര്യമായി ബാധിച്ചേക്കാം. കൂടാതെ, അവരുടെ 5ജി ബിസിനസിനും തിരിച്ചടി നൽകും.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും, ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെയും ഐഐടി-കാൺപൂരിലെയും ​ഉദ്യോഗസ്ഥരും അതുപോലെ ടെലികോം ഇൻഡസ്ട്രിയിലെ പ്രതിനിധികളും അടുത്ത ആഴ്ച ഇതുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Government Explores Technology for Streaming Live TV Channels Directly to Mobile Devices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT