നമ്പർ സേവ് ചെയ്യാതെ വാട്സ്ആപ്പ് സന്ദേശമയക്കാനുള്ള ചില കുറുക്കുവഴികൾ ഇതാ....

വാട്സ്ആപ്പ് കമ്യൂണിറ്റീസ്, ലൈവ് ലൊക്കേഷൻ പങ്കുവെക്കാനുള്ള സൗകര്യം, സ്വീകർത്താവിന്റെ ചാറ്റ് ബോക്സിൽ നിന്നടക്കം സന്ദേശം നീക്കാൻ അനുവദിക്കുന്ന 'ഡിലീറ്റ് ഫോർ എവരിവൺ' എന്നിങ്ങനെയായി, യൂസർമാർക്ക് ഇഷ്ടപ്പെട്ട നിരവധി ഫീച്ചറുകൾ വാട്സ്ആപ്പിലുണ്ട്. എന്നാൽ, ചില ബേസിക്കായ ഫീച്ചറുകൾ വാട്സ്ആപ്പിലില്ലാത്തത് യൂസർമാരെ അലോസരപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന്, ഫോൺ നമ്പർ സേവ് ചെയ്യാതെ ഒരാൾക്ക് സന്ദേശം അയക്കാൻ കഴിയുന്ന ഫീച്ചർ.

എന്നാൽ, അത്തരം ആവശ്യങ്ങളുള്ളവർക്ക് പ്രയോഗിക്കാൻ കഴിയുന്ന ചില പോംവഴികളുണ്ട്. വളരെ എളുപ്പത്തിലുള്ള ചില കുറുക്കുവഴികൾ പരിചയപ്പെടുത്താം.

നമ്പറിൽ തൊട്ട് ചാറ്റ് ചെയ്ത് തുടങ്ങാം

കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തതും നിങ്ങൾക്ക് സന്ദേശമയക്കേണ്ടതുമായ നമ്പർ കൈയ്യിലുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ള ആരുടെയെങ്കിലും വാട്സ്ആപ്പ് ചാറ്റ് ബോക്സിലോ ഗ്രൂപ്പിലോ കോപി + പേസ്റ്റ് ചെയ്യുകയോ ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യുക. അല്ലെങ്കിൽ വാട്സ്ആപ്പിലെ പുതിയ 'മെസ്സേജ് യുവർസെൽഫ്' എന്ന ഓപ്ഷൻ ഉപയോഗിച്ച് സന്ദേശം നിങ്ങളുടെ നമ്പറിൽ തന്നെ അയക്കാവുന്നതാണ്.

തുടർന്ന് നമ്പറിൽ ക്ലിക്ക് ചെയ്താൽ ഒരു വിൻഡോ തുറക്കും (സ്ക്രീൻഷോട്ട് ചുവടെ). അവിടെ മൂന്ന് ഓപ്ഷൻ കാണാൻ സാധിക്കും. ഏറ്റവും മുകളിലുള്ള 'ചാറ്റ് വിത്ത് +Phone Number' ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ആ നമ്പറിലുള്ള ആളുമായി ചാറ്റ് ചെയ്ത് തുടങ്ങാവുന്നതാണ്. 


നിങ്ങൾക്ക് വാട്സ്ആപ്പിൽ ആരെങ്കിലും നമ്പർ അയച്ചുതന്നാലും അതിൽ തൊട്ട് ചാറ്റ് ചെയ്യാവുന്നതാണ്. അതുപോലെ, വിവിധ ഗ്രൂപ്പുകളിൽ നിങ്ങളുടെ കോ​ൺടാക്ട് ലിസ്റ്റിൽ ചേർക്കാത്ത ആളുകളുണ്ടെങ്കിൽ അവരുടെ നമ്പറുകളിൽ ക്ലിക്ക് ചെയ്തും സന്ദേശമയക്കാം.

ലിങ്ക് ഓഫ് ലിങ്ക് അഥവാ 'ക്ലിക്ക് ടു ചാറ്റ്'

ആരുടെയെങ്കിലും നമ്പർ സേവ് ചെയ്യാതെ സന്ദേശം അയയ്‌ക്കാൻ വാട്ട്‌സ്ആപ്പ് ദീർഘകാലമായി വാഗ്ദാനം ചെയ്യുന്ന ഔദ്യോഗിക രീതിയാണ് ക്ലിക്ക് ടു ചാറ്റ്. കോൺടാക്റ്റ് വിവരങ്ങൾ സേവ് ചെയ്യാതെ ആർക്കും സന്ദേശമയയ്‌ക്കാനായി ഒരു ഒഫീഷ്യൽ വാട്ട്‌സ്ആപ്പ് ലിങ്ക് ആണ് ഇവിടെ ഉപയോഗിക്കുന്നത്. പക്ഷെ ഈ ഫീച്ചറിന് ഒരു പോരായ്മയുണ്ട് - ഇത് വാട്സ്ആപ്പിനകത്ത് ഉപയോഗിക്കാൻ സാധിക്കില്ല, മറിച്ച് ഒരു വെബ് ബ്രൗസർ വഴിയാണ് ലിങ്ക് ഉപയോഗിക്കേണ്ടത്.

ഫോണിലോ കംപ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസർ തുറക്കുക, ഉദാഹരണം - ഗൂഗിൾ ക്രോം. ശേഷം ഈ ലിങ്ക് https://wa.me/phone-number കോപി ചെയ്തോ ടൈപ്പ് ചെയ്തോ ബ്രൗസറിന്റെ അഡ്രസ് ബാറിൽ ചേർക്കുക. ശേഷം phone-number എന്ന ഭാഗം എഡിറ്റ് ചെയ്ത് അവിടെ നിങ്ങൾക്ക് സന്ദേശമയക്കേണ്ട ഫോൺ നമ്പർ ഇന്റർനാഷണൽ ക​ൺട്രി കോഡ് (ഉദാഹരണം: ഇന്ത്യ - 91) അടക്കം ചേർക്കുക (ഉദാഹരണം: https://wa.me/91939497887 ). ഇതുപോലെ ക്രിയേറ്റ് ചെയ്യുന്ന ലിങ്ക് സന്ദർശിച്ചാൽ പുതിയൊരു പേജ് തുറക്കം (സ്ക്രീൻഷോട്ട് താഴെ), അവിടെയുള്ള 'Continue to Chat' എന്ന ഓപ്ഷനിൽ തൊട്ടാൽ ചാറ്റ് ചെയ്ത് തുടങ്ങാം.


ഈ ലിങ്ക് (https://wa.me/phone-number) ഏതെങ്കിലും നോട്സ് ആപ്പിൽ (eg: Google Keep Notes) സൂക്ഷിച്ചുവെച്ചാൽ പിന്നീട് ആവശ്യാനുസരണം ഉപയോഗപ്പെടുത്താം. നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ആർക്കെങ്കിലും അയക്കുമ്പോൾ ക്ലിക് ടു ചാറ്റ് എന്ന ലിങ്ക് കൂടെ ചേർത്താൽ കാര്യം വളരെ എളുപ്പമാകും.

​ട്രൂ കോളർ ട്രിക്ക്

​ട്രൂ കോളർ എന്ന ആപ്പ് ഉപയോഗിക്കുന്നവർ ആണെങ്കിൽ, ആപ്പിന്റെ ഏറ്റവും മുകളിൽ കാണുന്ന സെർച്ച് ബാറിൽ നമ്പർ ടൈപ്പ് ചെയ്ത് തിരഞ്ഞാൽ, ഏറ്റവും താഴെയായി ആ നമ്പറിലുള്ള വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് സന്ദേശമയക്കാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും. 

Tags:    
News Summary - How To Send WhatsApp Message Without Saving Number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT