ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ‘ത്രെഡ്സി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതരിപ്പിച്ച് ആദ്യത്തെ ഏഴു മണിക്കൂറിൽ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തത്. പ്രധാനമായും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരക്കാരനായാണ് ത്രെഡ്സിന്‍റെ രംഗപ്രവേശനം.
അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറിൽ 20 ലക്ഷം പേർ സൈൻ അപ്പ് ചെയ്തു. ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്സ് എത്തിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകൾ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്സിൽ പരമാവധി എഴുതാനാകുക.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളും പങ്കുവെക്കാനാകും. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക്, ത്രെഡ്സിൽ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇൻ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാവുന്നതാണ്. ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ആപ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ത്രെഡ്‌സ് ആപ്പ് നിങ്ങൾക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് അതേ ലോഗ്-ഇൻ വിവരങ്ങൾ നൽകിയാൽ ത്രെഡ്സ് ആപ്പിൽ പ്രവേശിക്കാനാകും. ഡൗൺലോഡ് ചെയ്ത ത്രെഡ്സ് ആപ്പ് തുറക്കുമ്പോൾ തന്നെ ‘ലോഗിൻ വിത്ത് ഇൻസ്റ്റഗ്രാം’ എന്ന ഓപ്ഷൻ കാണാനാകും.
അവിടെ ഇൻസ്റ്റഗ്രാം യൂസർനെയിമും പാസ് വേർഡും ടൈപ്പ് ചെയ്യുക. ഫോണിൽ നേരത്തെ തന്നെ നിങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, സൈൻ അപ്പിന് ഒറ്റ ക്ലിക്കിന്‍റെ ആവശ്യം മാത്രം മതി. ഇൻസ്റ്റഗ്രാം വഴി സൈൻ അപ്പ് ചെയ്ത് നേരെ പോകുന്നത് നിങ്ങളുടെ പ്രൊഫൈലിലേക്കാകും. ‘ഇംപോർട്ട് ഫ്രം ഇൻസ്റ്റഗ്രാം’ എന്ന ഒരു ടാബ് പേജിൽ കാണാനാകും. ഇതിലൂടെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാം ബയോ ത്രെഡ്സിലേക്കും ഇംപോർട്ട് ചെയ്യാനാകും. കൂടാകെ, ബയോ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ആപ്പിൽ ജോയിൻ ചെയ്ത ഉടൻ തന്നെ അപ്പിന്‍റെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഒരു സന്ദേശം വിൻഡോയിൽ ദൃശ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.