ടെക് ലോകത്ത് ഏറെ ചർച്ചയായി മാറിയതായിരുന്നു ഫേസ്ബുക്കിന്റെ 'മെറ്റ'യിലേക്കുള്ള റീബ്രാൻഡിങ്. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്‍റര്‍നെറ്റ് എന്നറിയപ്പെടുന്ന 'മെറ്റാവേഴ്സി'ൽ നിന്നുമായിരുന്നു മാർക്ക് സുക്കർബർഗ് 'മെറ്റ' എന്ന വാക്ക് കടമെടുത്തത്. മെറ്റാവേഴ്സ് എന്ന പുതിയ വെർച്വൽ ലോകം കെട്ടിപ്പടുക്കാനുള്ള പദ്ധതിയിലാണിപ്പോൾ അദ്ദേഹം. സമൂഹ മാധ്യമങ്ങളുടെ ഭാവി മെറ്റാവേഴ്സിലാണെന്നാണ് സുക്കർബർഗ് പറയുന്നത്. അത് മുന്നിൽ കണ്ടുകൊണ്ട് വെർച്വൽ റിയാലിറ്റി, ഓഗ്മെൻറഡ് റിയാലിറ്റി സാങ്കേതികവിദ്യകളിൽ വലിയ നിക്ഷേപമാണ് മെറ്റ ഇപ്പോൾ നടത്തുന്നത്.
എന്നാൽ, ഐസ്‌ലാൻഡ് എന്ന രാജ്യം സുക്കർബർഗിന്‍റെ 'മെറ്റ' പ്രഖ്യാപനത്തെ കളിയാക്കിക്കൊണ്ട് രസകരമായ വിഡിയോയുമായി എത്തി. ഐസ്‌ലാൻഡ് ടൂറിസം ബോഡിയാണ് 'ഐസ്‌ലാൻഡ്‌വേഴ്‌സ്' എന്ന 'റിയൽ റിയാലിറ്റിയെ' പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയത്. ഐസ്‌ലാൻഡ് എന്ന രാജ്യത്തേക്ക് ആളുകളെ ആകർഷിക്കാനായി ചെയ്ത വിഡിയോ ഇപ്പോൾ വൈറലാണ്.
വിഡിയോ അവതരിപ്പിക്കുന്നത് മാർക്ക് സുക്കർബർഗുമായി രൂപസാദൃശ്യമുള്ള സാക്ക് മോസ്ബെർഗ്സൺ ആണ്. മെറ്റ തലവന്‍റെ ഡ്രസ് കോഡാണ് അദ്ദേഹം വിഡിയോയിൽ പിന്തുടർന്നതും. സുക്കർബർഗ് 'മെറ്റാവേഴ്സിൽ' വെർച്വൽ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു.
എന്നാൽ, സാക്ക് ഐസ്‌ലാൻഡ്‌വേഴ്‌സിലെ റിയൽ റിയാലിറ്റിയെ ആണ് പരിചയപ്പെടുത്തുന്നത്. അവിടേക്ക് പോയാൽ ''ഹെഡ്സെറ്റുകൾ ധരിക്കാതെ മെച്ചപ്പെട്ട റിയാലിറ്റി ആസ്വദിക്കാൻ'' കഴിയുമെന്നാണ് സാക്ക് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം രാജ്യത്തെ അതിമനോഹരമായ ടൂറിസ്റ്റ് സ്പോട്ടുകളെ ദൃശ്യങ്ങളും അതിന്‍റെ വിശദീകരണങ്ങളും നൽകുകയും ചെയ്തു.
വിഡിയോ ശ്രദ്ധയിൽ പെട്ട സുക്കർബർഗ് മറുപടിയും നൽകിയിരുന്നു. "അത്ഭുതം. എനിക്ക് ഉടൻ ഐസ്‌ലാൻഡ്‌വേഴ്‌സിലേക്ക് ഒരു യാത്ര ചെയ്യണം," -അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.