മൊബൈൽ ഓപറേറ്റിങ് സിസ്റ്റം രംഗത്ത് ആപ്പിളിന്റെ ഐ.ഒ.എസിനോടും ഗൂഗിളിന്റെ ആൻഡ്രോയ്ഡിനോടും മത്സരിക്കാൻ തദ്ദേശീയ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ‘ഇൻഡോസു’മായി (IndOs) ഇന്ത്യയെത്തുന്നു. ഇൻഡോസ് എന്ന പേരിലുള്ള സ്വദേശി മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമെന്ന ലക്ഷ്യത്തോടെ പുതിയൊരു പ്രോജക്റ്റിൽ സർക്കാർ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ.
“ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡിന്റെ ആധിപത്യത്തിനും iOS-നുള്ള ചെറിയ വിഹിതത്തിനും ഒരു മത്സരം സൃഷ്ടിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആളുകൾക്ക് മൂന്നാമതൊന്ന് തിരഞ്ഞെടുക്കാനുള്ള അവസരം കൂടിയാണ് നമ്മൾ ഒരുക്കുന്നത്. - " ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
IndOS നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ ചുവടുവയ്പ്പ് സുപ്രധാനമാണെന്നും ബിസിനസ് സ്റ്റാൻഡേർഡിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഗൂഗിൾ നിരീക്ഷണ വലയത്തിലിരിക്കുന്ന സമയത്താണ് അത് പൊങ്ങി വരുന്നത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോർ നയത്തിലൂടെ ഗൂഗിൾ അവരുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഇതിനകം തന്നെ അമേരിക്കൻ ടെക് ഭീമന് പിഴ ചുമത്തിയിട്ടുണ്ട്.
സ്മാർട്ട് ഫോൺ വിപണിയിലെ ആധിപത്യം ചൂഷണം ചെയ്തതിന് രണ്ട് കേസുകളിലായി 2273 കോടി രൂപ പിഴയാണ് ഗൂഗിളിന് സിസിഐ പിഴ ചുമത്തിയത്. ഈ പശ്ചാത്തലത്തിലാണ് ഇൻഡോസ് എന്ന ആശയവുമായി ഇന്ത്യ മുന്നോട്ടുവരുന്നത്.
നിലവിൽ ഇന്ത്യയുടെ മൊബൈൽ മേഖല ഭരിക്കുന്നത് ഗൂഗിളാണ്. 97 ശതമാനത്തിലധികം വിഹിതമുള്ള ഗൂഗിളിന്റെ ആൻഡ്രോയിഡുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിന്റെ ഐഒഎസിന് വളരെ പരിമിതമായ വിപണിയാണ് നമ്മുടെ രാജ്യത്ത് ഉള്ളത്.
image credit - 9to5google
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.