ഇനി യാത്രകൾ മിന്നൽ വേഗത്തിലാകും; ഹൈപ്പർലൂപ്പ് പരീക്ഷണ ട്രാക്ക് തയാർ -വിഡിയോ

ന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായി. മദ്രാസ് ഐ.ഐ.ടിയുടെ തയ്യൂരിലെ ഡിസ്‌കവറി ക്യാമ്പസിലാണ് 410 മീറ്റര്‍ ട്രാക്ക് തയ്യാറായത്. ടെസ്റ്റ് ട്രാക്കിന്റെ വീഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചു. ഇന്ത്യന്‍ റെയില്‍വേയും ഐ.ഐ.ടി. മദ്രാസിന്റെ ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പും ഐ.ഐ.ടി. സ്റ്റാര്‍ട്ടപ്പ് ട്യൂട്ടർ (TuTr) ഹൈപ്പര്‍ലൂപ്പും സംയുക്തമായാണ് ട്രാക്ക് നിര്‍മ്മിച്ചത്.

ഹൈപ്പര്‍ലൂപ്പ് ട്രാക്കിന്‍റെ വികസനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ട്രാക്കില്‍ പരീക്ഷിക്കുക. ഭാവിയില്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗമുള്ള ഹൈപ്പര്‍ലൂപ്പ് പരീക്ഷിക്കാനാകും.

2017ല്‍ ആണ് ഐ.ഐ.ടി മദ്രാസിലെ 70 വിദ്യാര്‍ഥികളടങ്ങിയ 'ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ്' ആരംഭിച്ചത്. 8.34 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ഹൈപ്പര്‍ലൂപ്പ് പ്രോജക്ട് 2022 മാര്‍ച്ചില്‍ ഐ.ഐ.ടി മദ്രാസ് ഇന്ത്യന്‍ റെയില്‍വേക്ക് സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാറിനൊപ്പം സ്റ്റീല്‍ ഭീമനായ ആര്‍സെലര്‍ മിത്തലും പദ്ധതിയില്‍ പങ്കാളിയാണ്. പദ്ധതിക്കാവശ്യമായ വസ്തുക്കള്‍ മിത്തലാണ് നല്‍കിയത്.

വായുമര്‍ദ്ദം കുറഞ്ഞ കുഴലിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന ഗതാഗത സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്. മാഗ്നെറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതിക വിദ്യയനുസരിച്ചാണ് ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുക. വായു വലിച്ചെടുത്ത ശേഷം ഇതിനുള്ളില്‍ സ്റ്റീല്‍ ട്യൂബുകള്‍ സ്ഥാപിക്കും. ശേഷം കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ മുന്നോട്ട് തള്ളുന്നു. കുറഞ്ഞ യാത്രാ- നിര്‍മാണ ചെലവും വിമാനത്തേക്കാള്‍ ഇരട്ടി വേഗവുമാണ് ഹൈപ്പര്‍ ലൂപ്പിനെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

2013-ല്‍ ഇലോണ്‍ മസ്‌ക് ആണ് ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവെച്ചത്. കുഴലിലൂടെ ഒരു പോഡില്‍ സഞ്ചരിക്കുന്ന ഗതാഗത സംവിധാനത്തിന്റെ ആശയം പിന്നീട് ഓപ്പണ്‍ സോഴ്‌സ് ആക്കി മാറ്റുകയും മറ്റ് കമ്പനികള്‍ക്ക് അത് സ്വന്തം നിലയില്‍ വികസിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്യുകയായിരുന്നു. ഹൈപ്പര്‍ ലൂപ്പിന് വേണ്ടിയുള്ള ടണലുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ സംവിധാനങ്ങളൊരുക്കുന്ന ദി ബോറിങ് കമ്പനിക്കും മസ്‌ക് നേതൃത്വം നല്‍കുന്നുണ്ട്.

Tags:    
News Summary - India’s first Hyperloop test track is ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT