തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത്. ടെലഗ്രാം വഴിയാണ് വിവരങ്ങൾ ചോർന്നത്. ടെലഗ്രാമിലെ മൊബൈൽ നമ്പർ നൽകിയാൽ ആ നമ്പർ വഴി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെയെല്ലാം ഐഡി കാർഡ് വിവരങ്ങൾ, ജനനത്തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ സന്ദേശ രൂപത്തിൽ മറുപടിയായി ലഭിക്കുകയാണ്.
വാക്സിൻ വിവരങ്ങൾ സുരക്ഷിതമെന്ന് കേന്ദ്രം ആവർത്തിക്കുമ്പോഴാണ് ഗുരുതര സുരക്ഷാവീഴ്ച. ഒരു വ്യക്തിയുടെ ഫോൺ നമ്പറുണ്ടെങ്കിൽ അയാളുടെ തിരിച്ചറിയൽ കാർഡ് വിവരങ്ങൾ ലഭിക്കുമെന്നതാണ് ഇതിൽ ഏറ്റവും ഗൗരവതരം. ഒരു ഫോൺ നമ്പർ വഴി നാലുപേർക്കാണ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നത്. ഈ നാലുപേരുടെയും വിവരങ്ങൾ ലഭ്യമാവുകയാണ്.
തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് നമ്പറാണ് നൽകിയതെങ്കിൽ അതും കിട്ടും. കേരളത്തിൽ മാത്രമല്ല, പുറത്തുള്ളവരുടെ മൊബൈൽ നമ്പർ നൽകിയാലും വിവരങ്ങൾ ലഭിക്കും. കോവിൻ പോർട്ടലിൽനിന്നാകാം വിവരചോർച്ചയെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാൽ ആധാർ നമ്പർ എവിടെയും സൂക്ഷിക്കാൻ പാടില്ലെന്നും പകരം സർക്കാറിന്റെ എല്ലാ ഡേറ്റാബേസുകളിലും എൻക്രിപ്റ്റ് ചെയ്‌ത ആധാർ വോൾട്ട് മാത്രമേ ശേഖരിക്കാവൂവെന്നും സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകുന്നതിനിടെയാണ് വിവരചോർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.