ഫോട്ടോ ഷെയറിങ് ആപ്പായി തുടങ്ങിയ ഇൻസ്റ്റഗ്രാം ഈയിടെയായി വിഡിയോകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും അവരുടെ ഡിസൈനിൽ കാര്യമായ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാൽ, അതിനെതിരെ ഒരുവിഭാഗം യൂസർമാരിൽ നിന്ന് വലിയ പ്രതിഷേധമാണുയർന്നത്. സെലിബ്രിറ്റികളായവരടക്കം പഴയ ഇൻസ്റ്റഗ്രാമിന് വേണ്ടി വാദിച്ച് രംഗത്തെത്തിയിരുന്നു. അതോടെ ആപ്പിലെ രൂപമാറ്റം ഇൻസ്റ്റഗ്രാം അധികൃതർ പിൻവലിക്കുകയും ചെയ്തു.
റീഡിസൈനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ആപ്പിൽ അവതരിപ്പിച്ച ഫുൾസ്ക്രീൻ ഉള്ളടക്കം. ഫുൾ സ്ക്രീൻ റീലുകൾ ഇൻസ്റ്റഗ്രാം ഹോം ഫീഡിൽ കൊണ്ടുവന്ന ഡെവലപ്പർമാർ, ചിത്രങ്ങളും അത്തരത്തിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിരുന്നു. അതോടെ, ഇൻസ്റ്റഗ്രാം ടിക് ടോക്കിനെ കോപ്പിയടിക്കുന്നു എന്ന രീതിയിലായിരുന്നു യൂസർമാരുടെ പ്രതികരണം. അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ വിഡിയോകളും ഫോളോ ചെയ്യാത്ത അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ റെക്കമൻഡ് ചെയ്യുന്നതും കുറക്കുമെന്ന് ഇൻസ്റ്റഗ്രാം വാക്ക് നൽകുകയും ചെയ്തു.
എന്നാൽ, ഫുൾ സ്ക്രീൻ ഉള്ളടക്കങ്ങൾ പിൻവലിക്കാൻ മെറ്റയുടെ കീഴിലുള്ള ഫോട്ടോ ഷെയറിങ് ആപ്പിന് ഉദ്ദേശമില്ല. ഫുൾസ്ക്രീൻ വിഡിയോകൾക്ക് പുറമേ, ഫുൾ സ്ക്രീൻ ചിത്രമാണ് ഇൻസ്റ്റയിൽ ഇനി അവതരിപ്പിക്കുക. നിലവിലുള്ള 4:5 സൈസിനൊപ്പം സ്ക്രീൻ മുഴുവൻ നിറയുന്ന അൾട്രാ-ടോൾ 9:16 ഫോട്ടോകൾ അപ്ലോഡ് ചെയ്യാനുള്ള സൗകര്യം വരും ആഴ്ചകളിൽ ആപ്പിൽ അവതരിപ്പിക്കുമെന്ന് ഇൻസ്റ്റഗ്രാം സി.ഇ.ഒ ആദം മൊസേരിയാണ് അറിയിച്ചിരിക്കുന്നത്.
ഇനി ഫീഡിലൂടെ സ്കോൾ ചെയ്ത് പോകുമ്പോൾ സ്ക്രീൻ മുഴുവൻ നിറയുന്ന ചിത്രങ്ങളും പ്രത്യക്ഷപ്പെടും. ആപ്പിൽ, വിഡിയോകൾക്ക് പ്രധാന്യമേറെ നൽകുന്നു എന്ന പരാതി പരിഹരിക്കാനായി ചിത്രങ്ങൾക്കും ഇനി കൂടുതൽ ഇടം നൽകുമെന്നും സി.ഇ.ഒ പറഞ്ഞു.
പരാതിയുമായി ഫോട്ടോഗ്രാഫർമാർ
എല്ലാ ഫോട്ടോകളും 9:16 ഫ്രെയിമിൽ വിചിത്രമായി പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ഇൻസ്റ്റാഗ്രാമിന്റെ ടിക് ടോക്ക് പോലുള്ള പുനർരൂപകൽപ്പനയെ ചില ഫോട്ടോഗ്രാഫർമാർ വിമർശിച്ചിരുന്നു. ചിത്രങ്ങൾക്കൊപ്പം നൽകുന്ന ടെക്സ്റ്റ്, വായിക്കാൻ എളുപ്പമാക്കുന്നതിനായി 'ഫീഡ് പോസ്റ്റു'കളുടെ അടിയിൽ ഓവർലേ ഗ്രേഡിയന്റുകളും ചേർത്തിരുന്നു,. എന്നാൽ അത് ഫോട്ടോഗ്രാഫർമാരുടെ വർക്കിനെ കാര്യമായി ബാധിക്കുന്ന രീതിയിലായിരുന്നു. അതാണ് അവരെ ചൊടിപ്പിച്ചത്.
ഇൻസ്റ്റ സി.ഇ.ഒയും ഫുൾ സ്ക്രീൻ അനുഭവം ചിത്രങ്ങൾക്ക് അനുയോജ്യമല്ലെന്ന് സമ്മതിച്ചിട്ടുണ്ട്. അതിനാലാണ് 9:16 എന്ന ഫോർമാറ്റിൽ തന്നെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനുള്ള ഫീച്ചർ ആപ്പിലേക്ക് കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.