അറിയാം iOS 17-ലെ 10 കിടിലൻ ഫീച്ചറുകൾ! ഇതാണോ ഏറ്റവും മികച്ച ഐ.ഒ.എസ് അപ്ഡേറ്റ് ?

ഐഫോൺ ‘സ്റ്റാൻഡ്ബൈ’


നിങ്ങളുടെ ഐഫോണിനെ ഒരു ടേബിൾ ക്ലോക്ക് അല്ലെങ്കിൽ സ്മാർട്ട് ഡിസ്‍പ്ലേയാക്കി മാറ്റാൻ കഴിയുന്ന ഫീച്ചറാണ് സ്റ്റാൻഡ്ബൈ എന്ന് ലളിതമായി പറയാം. ചാർജിലിടുമ്പോൾ പുതിയ സ്റ്റാൻഡ്‌ബൈ മോഡ് നിങ്ങളുടെ ഐഫോണിനെ ഒരു സ്മാർട്ട് ഡിസ്‍പ്ലേയാക്കി മാറ്റും.

ഇഷ്ടാനുസൃതം രൂപമാറ്റം വരുത്താവുന്ന ഇന്റർഫേസിൽ വിവിധ ശൈലികളിലുള്ള ക്ലോക്ക്, കലണ്ടർ, നിങ്ങളുടെ ഗ്യാലറിയിലെ പ്രിയപ്പെട്ട ഫോട്ടോകൾ, കാലാവസ്ഥാ പ്രവചനം, മ്യൂസിക് പ്ലേബാക്ക് നിയന്ത്രണങ്ങൾ, വിജറ്റുകൾ എന്നിവയും മറ്റും കാണിക്കാനാകും. കൂടാതെ അതിന് ലൈവ് ആക്ടിവിറ്റികളും സിരി, ഇൻകമിംഗ് കോളുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ പ്രദർശിപ്പിക്കാനും സാധിക്കും. ഐഫോൺ 14 പ്രോയുടെ ഓൾവൈസ് ഓൺ ഡിസ്‌പ്ലേയിലും ഈ സവിശേഷത പ്രവർത്തിക്കും.

നിങ്ങളുടെ മുഖം നിങ്ങളുടെ അവകാശം (Contact Posters)


നിങ്ങൾ കോൾ ചെയ്യുന്ന വ്യക്തിയുടെ ഐഫോണിൽ നിങ്ങൾ സൃഷ്ടിക്കുന്ന കോൺടാക്റ്റ് പോസ്റ്റർ ദൃശ്യമാക്കാൻ സാധിക്കുന്ന ഫീച്ചറും ഐ.ഒ.എസ് 17-ലൂടെ എത്താൻ പോവുകയാണ്. പോസ്റ്ററിൽ ഒരു ഫോട്ടോയോ മെമോജിയോ ഉൾപ്പെടുത്താം, കൂടാതെ ഫോണ്ടും പശ്ചാത്തല നിറവും ഇഷ്ടാനുസൃതമാക്കാനും കഴിയും. ബിൽറ്റ്-ഇൻ ഫോൺ ആപ്പിൽ ഈ ഫീച്ചർ ലഭ്യമാണ് കൂടാതെ തേർഡ് പാർട്ടി കോളിംഗ് ആപ്പുകളിലും ഇത് ലഭ്യമാകും.

അടുത്തുവാ അടുത്തുവാ... (NameDrop)



ഐ.ഒ.എസ് 17-ൽ ഏവരെയും കോരിത്തരിപ്പിച്ച ഫീച്ചർ ഏതാണെന്ന് ചോദിച്ചാൽ അത് നെയിം ഡ്രോപ്പ് ആണെന്ന് പറയാം. രണ്ട് ഐഫോണുകൾ അടുത്തടുത്ത് വെച്ചുകൊണ്ട് സ്വൈപ് ചെയ്ത് കോൺടാക്റ്റ് വിവരങ്ങൾ എളുപ്പത്തിൽ പങ്കിടാൻ അനുവദിക്കുന്നതാണ് നെയിം ഡ്രോപ് ഫീച്ചർ. ഒരു ഫോണിൽ നി​ന്നൊഴുകി രണ്ടാമത്തെ ഫോണിൽ പോകുന്ന കാഴ്ച തന്നെ മനോഹരമാണ്.

രണ്ട് വ്യക്തികൾക്കും അവർ പങ്കിടാൻ ആഗ്രഹിക്കുന്ന ഫോൺ നമ്പറുകളോ ഇമെയിൽ വിലാസങ്ങളോ തിരഞ്ഞെടുക്കാനും അവരുടെ കോൺടാക്റ്റ് പോസ്റ്ററുകൾ പങ്കിടാനും കഴിയും.

വോയ്‌സ്‌മെയിൽ അക്ഷരങ്ങളാകുമ്പോൾ (Live Voicemail)


ആരെങ്കിലും വോയ്‌സ്‌മെയിൽ അയയ്ക്കുമ്പോൾ സ്‌ക്രീനിൽ തത്സമയ ട്രാൻസ്‌ക്രിപ്ഷൻ നൽകുന്ന സേവനമാണ് ലൈവ് അല്ലെങകിൽ തത്സമയ വോയ്‌സ്‌മെയിൽ. അതായത്, വോയ്സ്മെയിൽ സ്ക്രീനിൽ ടെക്സ്റ്റുകളാക്കി പ്രദർശിപ്പിച്ചുതരും. ഇനി വോയ്‌സ്‌മെയിലിൽ പ്രധാനപ്പെട്ട കാര്യമാണ് പറയുന്നതെങ്കിൽ അപ്പോൾ തന്നെ കോൾ അറ്റൻഡ് ചെയ്യുകയും ചെയ്യാം.

മെസ്സേജുകൾ സ്വൈപ് ചെയ്ത് മറുപടി (Swipe to Reply in iMessage)

വാട്സ്ആപ്പിലും ടെലഗ്രാമിലുമുള്ളത് പോലെ മെസ്സേജുകൾ സ്വൈപ് ചെയ്ത് അതിന് റീപ്ലേ കൊടുക്കാൻ കഴിയുന്ന ഫീച്ചറാണിത്.

വിജെറ്റുകൾ ഇനി കൂടുതൽ ഫൺ (Interactive Widgets)


ഫോണിന്റെ ഹോം സ്ക്രീൻ അലങ്കരിക്കുന്ന വിജെറ്റുകൾ ഏവർക്കും പ്രീയപ്പെട്ടതാണ്. ഐഫോണുകളിലാണ് നിലവിൽ ഏറ്റവും മികച്ച വിജെറ്റുകളുള്ളത്. എന്നാൽ, ഐഫോണിൽ ഹോം സ്‌ക്രീൻ, ലോക്ക് സ്‌ക്രീൻ, പുതിയ സ്റ്റാൻഡ്‌ബൈ മോഡ് എന്നിവയിലുടനീളം ഇന്ററാക്ടീവ് വിജെറ്റുകൾ വരാൻ പോവുകയാണ്. റിമൈൻഡറുകൾ പൂർത്തിയാക്കിയത് അടയാളപ്പെടുത്തുക, പാട്ടോ പോഡ്‌കാസ്റ്റോ പ്ലേ ചെയ്യുകയോ താൽക്കാലികമായി നിർത്തുകയോ ചെയ്യുക, ഹോം ആപ്പിലെ ആക്‌സസറികൾ നിയന്ത്രിക്കുക എന്നിവ ഉൾപ്പെടെ ഇന്ററാക്ടീവ് വിജറ്റുകൾ പല കാര്യങ്ങൾ ഉപയോഗിക്കാം.

ആട്ടോ കറക്ടിന് മികവേറുന്നു.. (Improved Autocorrect)


ഐഫോണിൽ നിങ്ങൾ എന്തെങ്കിലും ടൈപ്പ് ചെയ്യുമ്പോൾ ഏറെ ഉപകാരപ്പെടുന്ന സേവനമാണ് ആട്ടോ കറക്ട്. പ്രത്യേകിച്ച് അക്ഷരത്തെറ്റുകളും ഗ്രാമർ പിഴവുകളും വരുമ്പോൾ. അതുപോലെ, സ്‍പെയ്സ് ബാറിൽ ടാപ് ചെയ്യുമ്പോൾ വാക്കുകൾ പ്രവചിച്ച് നൽകുന്ന ‘വേർഡ് പ്രഡിക്ഷൻ’ ഫീച്ചറും മിക്ക ആളുകളും ഉപയോഗിക്കുന്നുണ്ട്.

ഐ‌ഒ‌എസ് 17ൽ വാക്കുകൾ പ്രവചിക്കുന്നതിനുള്ള അത്യാധുനിക ഭാഷാ മോഡൽ ഉൾപ്പെടുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നു, അത് ഐഫോണിലെ ഓട്ടോകറക്ഷനെ വളരെയധികം മെച്ചപ്പെടുത്തുമത്രേ. ടൈപ്പുചെയ്യുമ്പോൾ, ഉപകരണത്തിലെ മെഷീൻ ലേണിംഗ് മുമ്പത്തേക്കാൾ കൂടുതൽ കൃത്യതയോടെ തെറ്റുകൾ ബുദ്ധിപരമായി തിരുത്തും.

മാപ് ഓഫ്‍ലൈനിലും (Apple Maps Offline)



ഓഫ്‌ലൈൻ ഉപയോഗത്തിനായി മാപ്പുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഗൂഗിൾ മാപ്സിലെ ഫീച്ചറും ആപ്പിൾ ഇത്തവണ ഐ.ഒ.എസ്17-ലൂടെ കൊണ്ടുവരുന്നുണ്ട്. ഐഫോൺ സെല്ലുലാർ അല്ലെങ്കിൽ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌തിട്ടില്ലെങ്കിൽ ഉപയോക്താക്കൾക്ക് ഒരു ഏതെങ്കിലും മാപ് ഏരിയ ഡൗൺലോഡ് ചെയ്യാനും ടേൺ-ബൈ-ടേൺ നാവിഗേഷൻ ആക്‌സസ് ചെയ്യാനും അവരുടെ എത്തിച്ചേരുന്ന സമയം കാണാനും സ്ഥലങ്ങൾ കണ്ടെത്താനും മറ്റും കഴിയുമെന്ന് ആപ്പിൾ പറയുന്നു.

സ്റ്റിക്കറുകൾ നിർമിക്കാം (Stickers Drawer)


ഐ.ഒ.എസ് 17-ലെ പുതിയ സ്റ്റിക്കേഴ്സ് ഡ്രോയർ, ലൈവ് സ്റ്റിക്കറുകൾ, ഇമോജി, മെമോജി, ഐമെസ്സേജ് സ്റ്റിക്കർ പായ്ക്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ സ്റ്റിക്കറുകളിലേക്കും ഒരിടത്ത് ആക്‌സസ് നൽകുന്നു. പൂച്ചയോ നായയോ പോലെ ഫോട്ടോയിലെ ഒരു വസ്തുവിൽ തൊട്ട് തത്സമയ സ്റ്റിക്കറുകൾ സൃഷ്ടിക്കാനും കഴിയും.

ഹേയ് വേണ്ട.., സിരി മതി ("Hey Siri" Shortened to Siri)

ഐഫോൺ, ഐപാഡ്, മാക്, ഹോം പോഡ് എന്നിവയിലും, ഏറ്റവും പുതിയ എയർപോഡ്സ് ഉപ്പെടെയുള്ള മറ്റ് ആപ്പിൾ ഉപകരണങ്ങളിലും വോയിസ് അസിസ്റ്റൻഡായ സിരിയെ വിളിക്കാനുള്ള വോയ്‌സ് കമാൻഡ് ആപ്പിൾ ലളിതമാക്കി. ​‘ഹേയ് സിരി’ക്ക് പകരം ഇനിമുതൽ ‘സിരി’ എന്ന് മാത്രം പറഞ്ഞാൽ മതി. 

ചിത്രങ്ങൾക്ക് കടപ്പാട് (മാക് റൂമേഴ്സ്)

Tags:    
News Summary - iOS 17 Launched with These 10 New Features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT