ടാറ്റയും ആപ്പിളും കൈകോർത്തു; ഐഫോൺ 15 ഇന്ത്യയിൽ നിർമിക്കും, വില കുറഞ്ഞേക്കും - റിപ്പോർട്ട്

ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റാ ഗ്രൂപ്പ് വരാനിരിക്കുന്ന ഐഫോൺ മോഡലുകൾ ഇന്ത്യയിൽ നിർമിച്ചേക്കുമെന്ന് റിപ്പോർട്ട്. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളാകും ടാറ്റ നിർമിക്കുക. കമ്പനി ആപ്പിളുമായി ഇതിനകം നിർമ്മാണ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതോടെ ആപ്പിളിന്റെ ഇന്ത്യയിലെ നാലാമത്തെ ഐഫോൺ നിർമ്മാണ പങ്കാളിയായി ടാറ്റ മാറിയേക്കും. തായ്‌വാനീസ് മാർക്കറ്റ് ഇന്റലിജൻസ് പ്രൊവൈഡറായ ട്രെൻഡ്‌ഫോഴ്‌സ് ആണ് പുതിയ റിപ്പോർട്ടുമായി എത്തിയിരിക്കുന്നത്.

ടാറ്റയുമായുള്ള പങ്കാളിത്തത്തിൽ മൊത്തം ഐഫോണുകളുടെ എത്ര ശതമാനം ഇന്ത്യയിൽ നിർമ്മിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. അതേസമയം, വിസ്‌ട്രോൺ, ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിങ്ങനെ ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് നിർമ്മാണ പങ്കാളികളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായതിനാലാണ് ആപ്പിൾ നാലാമത്തെ നിർമാണ പങ്കാളി എന്ന നിലയിൽ ടാറ്റയുമായി കാരാറിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, പുതിയ ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നത് രണ്ട് തരത്തിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഗുണമായേക്കും. ഒന്ന്, പൊതുവെ ഐഫോണുകൾ ഇന്ത്യയിൽ വൈകിയാണ് എത്താറുള്ളത്. ഇന്ത്യയിൽ നിർമിക്കുന്നത് കൊണ്ട് ഷിപ്മെന്റുകൾ വൈകുന്ന പ്രശ്നം വരുന്നില്ല. അതുകൊണ്ട് തന്നെ ഐഫോൺ 15 ആദ്യം തന്നെ നമുക്ക് വാങ്ങാൻ കഴിഞ്ഞേക്കും. അതുപോലെ ഇന്ത്യയിലെ നിർമ്മാണം ഐഫോൺ 15 സീരീസിന്റെ വില കുറയ്ക്കാനും സഹായിക്കും.

ഇന്ത്യയിൽ ഇലക്ട്രോണിക് മേഖലയിലുള്ള സാന്നിധ്യം വിപുലീകരിക്കാൻ ശ്രമിക്കുന്ന ടാറ്റയ്ക്ക് ഇത് ഗണ്യമായ ഉത്തേജനം നൽകും. കോവിഡ് നിയന്ത്രണങ്ങളും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും മറ്റും കാരണം ചൈനയെ ആശ്രയിക്കുന്നത് കുറച്ച്, തങ്ങളുടെ നിർമ്മാണ അടിത്തറ വൈവിധ്യവത്കരിക്കാൻ ആപ്പിൾ സമീപ വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ തന്നെയാണ് കൂപ്പർട്ടിനോ ഭീമൻ അതിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ ഐഫോൺ 14, ഐഫോൺ എസ്ഇ, ഐഫോൺ 13 എന്നിവയുൾപ്പെടെ കമ്പനി ഇതിനകം തന്നെ ഇന്ത്യയിൽ ചില ഉപകരണങ്ങൾ നിർമ്മിക്കുന്നുണ്ട്.


Tags:    
News Summary - iPhone 15 series to be made in India by Tata Group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.