ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ പുതിയ റെക്കോർഡ്. 2024 സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മാത്രം 20,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റിയയച്ചത്. ഇത് 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ ആകെ കയറ്റുമതിയുടെ പകുതിക്ക് തുല്യമാണെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
2023 ഒന്നാം പാദത്തിൽ 4,950 കോടി രൂപയുടെ ഐഫോണുകളായിരുന്നു കയറ്റുമതി ചെയ്തത്. അതിൽ നിന്ന് ഏകദേശം 400 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഐഫോൺ 12, 13, 14 എന്നീ മോഡലുകളുടെ കയറ്റുമതിയിലാണ് വലിയ വർധനവുണ്ടായത്.
ആപ്പിളിന്റെ മൂന്ന് പ്രധാന വിതരണക്കാരായ ‘‘ഫോക്‌സ്‌കോൺ ഹോൺ ഹായ്, വിസ്‌ട്രോൺ, പെഗാട്രോൺ’ എന്നീ കമ്പനികൾ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) സ്കീമിന് കീഴിൽ 2024 സാമ്പത്തിക വർഷത്തിൽ 61,000 കോടി രൂപയുടെ കയറ്റുമതി നടത്തുമെന്നായിരുന്നു കരാർ. എന്നാൽ, സർക്കാരുമായുള്ള ഈ കയറ്റുമതി പ്രതിബദ്ധതയുടെ മൂന്നിലൊന്ന് ആദ്യ പാദത്തിൽ തന്നെ ആപ്പിളിന്റെ വെണ്ടർമാർ നിറവേറ്റിയിട്ടുണ്ട്, ബാക്കിയുള്ളത് ഇനിയുള്ള മൂന്ന് പാദങ്ങളിൽ പൂർത്തിയാക്കിയാൽ മതി.
2023 സാമ്പത്തിക വർഷത്തിൽ, രാജ്യത്ത് നിന്നുള്ള ആകെ 90,000 കോടിയുടെ മൊബൈൽ ഫോൺ കയറ്റുമതിയിൽ ആപ്പിളിന്റെ മാത്രം സംഭാവന 45 ശതമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.