അമേരിക്കൻ ടെക് ഭീമനായ ആപ്പിളിന്റെ ഏറ്റവും വലിയ കരാർ വിതരണക്കാരായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ രണ്ട് വലിയ ഹോസ്റ്റലുകൾ നിർമിക്കാനൊരുങ്ങുകയാണ്. ചെന്നൈയ്ക്കടുത്തുള്ള ഐഫോൺ നിർമ്മാണ കേന്ദ്രത്തിന് സമീപത്തായാണ് 60,000 തൊഴിലാളികൾക്ക് ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രണ്ട് ഭീമൻ ഹോസ്റ്റലുകൾ നിർമിക്കുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
20 ഏക്കർ സ്ഥലത്ത് ദ്രുതഗതിയിൽ വലിയ ഹോസ്റ്റൽ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ആപ്പിൾ ഉപകരണങ്ങളുടെ ഉൽപ്പാദന ശേഷി വിപുലീകരിക്കാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. തയ്‌വാന്‍ കേന്ദ്രമായ ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ സ്ഥാപനത്തിൽ നിലവിൽ ഏകദേശം 15,000 തൊഴിലാളിൾ ജോലി ചെയ്യുന്നുണ്ട്. റിപ്പോർട്ട് അനുസരിച്ച്, അടുത്ത 18 മാസത്തിനുള്ളിൽ ഈ യൂണിറ്റുകളിലെ മൊത്തം ജീവനക്കാരുടെ എണ്ണം 70,000 കവിഞ്ഞേക്കാം.
ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഫോക്‌സ്‌കോണിന്റെ ഏറ്റവും പുതിയ നീക്കം. ചൈനയെ മാത്രം ആശ്രയിക്കുന്നതിൽ നിന്ന് മാറിയുള്ള ആഗോള വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണവും പുതിയ നീക്കത്തിന് പിന്നിലുണ്ട്. ഫോക്‌സ്‌കോണിന്റെ ചൈനയിലെ പ്ലാന്റില്‍ നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളും, ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ കലാപങ്ങളും പ്രക്ഷോഭങ്ങളമുണ്ടാക്കുന്ന സാഹചര്യവുമെല്ലാം ആപ്പിളിനെ മറ്റ് ഏഷ്യൻ രാജ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് നയിച്ചു.
പ്രശ്‌നങ്ങളില്ലാതെ ഉപകരണങ്ങള്‍ നിര്‍മിക്കാൻ കഴിയുന്ന രാജ്യമായിരുന്ന ചൈനയിൽ ഇപ്പോൾ നിരന്തരം പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ടാവുന്നത് ആപ്പിളിനെ മാറ്റി ചിന്തിപ്പിക്കുകയാണ്. തങ്ങളുടെ ഉപകരണങ്ങള്‍ വേണ്ട സമയത്തു ലഭിക്കുന്നില്ലെന്നതാണ് ആപ്പിൾ ചൈനയിൽ നിലവിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.