വില ലക്ഷങ്ങളോളം പോകുന്ന ഐഫോൺ 14 സീരീസ് ആപ്പിൾ ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇനി വില കുറഞ്ഞ ഐഫോണിനെ കുറിച്ചാണ് ആപ്പിൾ ഫാൻസിന് അറിയേണ്ടത്. അതെ, കഴിഞ്ഞ കുറച്ചുമാസങ്ങളായി ഐഫോൺ എസ്.ഇയുടെ നാലാം ജനറേഷൻ വാർത്തകളിൽ നിറയുന്നുണ്ട്. ഐഫോൺ എസ്.ഇ 4 വലിയ രൂപമാറ്റത്തോടെ എത്തുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, ഇപ്പോൾ ഫോണിന്റെ റെൻഡറുകൾ ഇന്റർനെറ്റിൽ ലീക്കായിരിക്കുകയാണ്. പലരുടെയും പ്രവചനങ്ങൾ സത്യമായി എന്ന് പറയേണ്ടി വരും. ഐഫോൺ എസ്.ഇ പഴയ ഐഫോൺ എക്സ്.ആറിന്റെ ഡിസൈൻ കടംകൊണ്ടാണ് എത്താൻ പോകുന്നതെന്ന് ലീക്കായ റെൻഡറുകൾ സൂചിപ്പിക്കുന്നു.
പ്രശസ്ത ലീക്കറായ ജോൺ പ്രോസർ കഴിഞ്ഞ ദിവസം ഐഫോൺ എസ്.ഇ 4 ഡിസൈൻ പുറത്തുവിട്ടു. അതിന് 2018ൽ പുറത്തിറങ്ങിയ ഐഫോൺ എക്സ്.ആറിനോട് സാമ്യമുണ്ടായിരുന്നു. ഏതാനും മാസങ്ങളായി പലരും അത് പറഞ്ഞിട്ടുണ്ടെങ്കിലും പ്രോസർ അത് സ്ഥിരീകരിക്കുകയായിരുന്നു.
എന്തായാലും പുതിയ നോച്ച് ഡിസൈൻ എസ്.ഇ ലൈനപ്പിന് വലിയ ഗുണം ചെയ്തേക്കും. നിലവിലെ പഴകിയ ഡിസൈനിൽ നിന്ന് എസ്.ഇ-ക്ക് കിട്ടാൻ പോകുന്ന ഫേസ്‍ലിഫ്റ്റ് കൂടുതൽ ആളുകളെ ആപ്പിളിന്റെ സ്മാർട്ട്ഫോൺ ലോകത്തേക്ക് ആകർഷിച്ചേക്കും.
മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, (പ്രൊഡക്ട്) റെഡ് കളറുകളിലായാകും ഐഫോൺ എസ്.ഇ 4 എത്തുകയെന്ന് ജോൺ പ്രോസർ വെളിപ്പെടുത്തുന്നുണ്ട്. ഫോൺ ഐഫോൺ എക്സ്.ആറിന് സമാനമായിരിക്കുമെങ്കിലും കുറച്ചധികം മാറ്റങ്ങളും പ്രതീക്ഷിക്കാം. A16 ബയോണിക് ചിപ്‌സെറ്റ് ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പ്രോസ്സർ സൂചന നൽകിയിട്ടുണ്ട്. 6.1 ഇഞ്ച് ഡിസ്‌പ്ലേയും 5G സപ്പോർട്ടും ഉണ്ടായേക്കും. 12 മെഗാപിക്സൽ സിംഗിൾ കാമറയും വലിയ ബാറ്ററിയും ഐഫോൺ എസ്.ഇയിലുണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഐഫോൺ എസ്.ഇയുടെ പുതിയ വകഭേദം 2023 തുടക്കത്തിലോ, 2024-ലോ ആയി ലോഞ്ച് ചെയ്യുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളറിയാൻ താഴെ നൽകിയ വിഡിയോ കണ്ടുനോക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.