ആപ്പിൾ വാച്ച് വിപണിയിലെത്തിച്ചതിന് പിന്നാലെ വ്യത്യസ്തമായ 'ഹെൽത്ത് ട്രാക്കിങ്' ഫീച്ചറുകൾ വികസിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ആപ്പിൾ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലരുടെയും ജീവൻ പോലും രക്ഷിക്കാൻ ആപ്പിൾ വാച്ചിന് കഴിഞ്ഞിട്ടുണ്ട്. വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറും മറ്റും അങ്ങേയറ്റം കൃത്യത നിറഞ്ഞതും ഉപയോഗപ്രദവുമാണ്.
എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഭാവി ഐഫോൺ മോഡലുകളിൽ പുതിയ 'ആരോഗ്യ ട്രാക്കിങ്' സവിശേഷതകൾ ചേർക്കാൻ ആപ്പിൾ പ്രവർത്തനം തുടങ്ങിയിരിക്കുകയാണ്. ഉത്കണ്ഠയും വിഷാദരോഗവും ഉൾപ്പെടെയുള്ള അവസ്ഥകൾ കണ്ടെത്താനുള്ള ഫീച്ചറുകളായിരിക്കും ഫോണിൽ ചേർക്കുക.
മാനസികാരോഗ്യ നിരീക്ഷണ സവിശേഷതകൾ വികസിപ്പിക്കുന്നതിനായി ആപ്പിൾ രണ്ട് സ്ഥാപനങ്ങളുമായി ഇപ്പോൾ സഹകരിച്ചുവരികയാണെന്ന് വാൾ സ്ട്രീറ്റ് ജേർണലിൽ അടുത്തിടെ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്. കമ്പനിയുടെ വരാനിരിക്കുന്ന ഐഫോണുകളിൽ മെൻറൽ ഹെൽത് മോണിറ്ററിങ് ഫീച്ചർ ഉണ്ടായേക്കുമെന്നാണ് ഇത് നൽകുന്ന സൂചന. ഐഫോൺ 14-ൽ പുതിയ ഫീച്ചറുണ്ടാകുമോ എന്നാണ് ആപ്പിൾ പ്രേമികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയുമായി ചേർന്ന് സീബ്രീസ് എന്ന രഹസ്യനാമത്തിലുള്ള ഒരു പ്രൊജക്ടിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നും അത്, 'വിഷാദം ഉത്കണ്ഠ' ട്രാക്കിംഗ് സവിശേഷതകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണെന്നുമാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം, കോഗ്നിറ്റീവ് ഡിക്ലൈൻ ട്രാക്കിങ് ഫീച്ചർ വികസിപ്പിക്കാനായി ബയോജൻ എന്ന ഫാർമ കമ്പനിയുമായി സഹകരിച്ച് പൈ എന്ന പ്രോജക്റ്റിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ട്.
ഐഫോണും ആപ്പിൾ വാച്ചും ശേഖരിച്ച വിവിധ ഡാറ്റ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ മാനസികാരോഗ്യ നിരീക്ഷണ സവിശേഷതകൾ വികസിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. നടത്തത്തിന്റെ രീതികൾ, മുഖഭാവങ്ങൾ, ടൈപ്പിങ് വേഗത, ഉപയോക്താക്കളുടെ ആരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള മറ്റ് ഡാറ്റ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പുതിയ ട്രാക്കിങ് സവിശേഷതകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് റിപ്പോർട്ട് പറയുന്നു. അതിനാൽ, ആപ്പിൾ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് മോഡലുകളിലേക്ക് ഫീച്ചറുകൾ സംയോജിപ്പിക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.