ഒരു വർഷത്തേക്ക് 999 രൂപ; ജിയോസിനിമയിൽ ഇനി എല്ലാം ഫ്രീ അല്ല, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിച്ചു

വ്യവസായി മുകേഷ് അംബാനിയുടെ മുൻനിര ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോസിനിമയിൽ ഇനി എല്ലാ ഉള്ളടക്കവും സൗജന്യമായിരിക്കില്ല. തങ്ങളുടെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ്.

ജിയോ സിം ഉപയോഗിക്കുന്നവർക്ക് ഇതുവരെ സൗജന്യമായിട്ടായിരുന്നു ജിയോസിനിമയിലെ ഉള്ളടക്കങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ, പ്ലാറ്റ്‌ഫോമിൽ കൂടുതൽ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തി ഉപയോക്താക്കളെ പ്രീമിയം പതിപ്പിലേക്ക് ആകർഷിക്കുകയാണ് കമ്പനി. റിലയന്‍സിന്റെ വിനോദ വിഭാഗമായ വയാകോം18-ഉം വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറിയും തമ്മിൽ കഴിഞ്ഞ ദിവസമായിരുന്നു കരാറൊപ്പിട്ടത്. അതോടെ എച്ച്ബിഒ, വാര്‍ണര്‍ ബ്രദേഴ്‌സ് എന്നിവയുടെ ബാനറില്‍ വരുന്ന സിനിമകളും സീരീസുകളുമെല്ലാം ജിയോ സിനിമയിലേക്കെത്തി.

എന്നാൽ, ആഗോളതലത്തിൽ ജനപ്രീതി നേടിയ അത്തരം ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യാൻ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനായി ജിയോസിനിമ ഒരു വർഷത്തേക്ക് 999 രൂപ ഈടാക്കും. ഒരു വർഷത്തേക്കുള്ള പ്ലാൻ മാത്രമാണ് ഇപ്പോൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 999 രൂപ നൽകിയാൽ, ഒരേസമയം നാല് ഡിവൈസുകളിൽ ജിയോസിനിമ അക്കൗണ്ട് ഉപയോഗിക്കാനുള്ള സൗകര്യവും മികച്ച ക്വാളിറ്റിയിലുള്ള വിഡിയോ, ഓഡിയോ ഓപ്ഷനുകളും ലഭിക്കും.

ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ഡ്രാഗൺ, ദ ലാസ്റ്റ് ഓഫ് അസ്, ചെർണോബിൽ, സക്സഷൻ, ലോർഡ് ഓഫ് ദ റിങ്സ് തുടങ്ങി നിരവധി സിനിമ-സീരീസുകളാണ് ജിയോസിനിമയിൽ നിലവിൽ പുതുതായി ലഭ്യമായിരിക്കുന്നത്.

ഐ.പി.എൽ കാണാനും പണമടക്കണോ...

ഐ.പി.എൽ സ്ട്രീമിങ്ങും മറ്റ് ഇന്ത്യൻ സിനിമകളും സീരീസുകളുമെല്ലാം ഈ വർഷം ജിയോസിനിമയിൽ സൗജന്യമായി തന്നെ ആസ്വദിക്കാം.

Tags:    
News Summary - JioCinema Premium subscription plan launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.