ബംഗളൂരു: കന്നഡയെ ഇന്ത്യയിലെ 'ഏറ്റവും മോശം ഭാഷ'യായി അവതരിപ്പിച്ചതിൽ ഗൂഗ്ളിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഹൈകോടതി തീർപ്പാക്കി. ഇക്കാര്യത്തിൽ ഗൂഗ്ൾ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീർപ്പാക്കിയത്.
ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓൺലൈൻ തിരച്ചിലിന്‍റെ ഫലമായി കന്നഡയെന്ന് ഗൂഗ്ൾ റിസൾട്ട് നൽകിയിരുന്നു. ഇതിനെതിരെ കർണാടകയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗൂഗ്ൾ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടൻ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
ആന്‍റി കറപ്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ട്രസ്റ്റാണ് ഈ വിഷയത്തിൽ ഗൂഗ്ളിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയത്. കന്നഡ ഭാഷയുടെ അന്തസ് ഇടിച്ചുകാണിച്ചതിന് കർണാടക സാസംസ്കാരിക വകുപ്പിന് 10 കോടി നഷ്ടപരിഹാരം വേണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ഈ വിഷയത്തിൽ ഗൂഗ്ൾ നിരുപാധികം മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീർപ്പാക്കിയത്.
സെർച് ഫലങ്ങൾ എപ്പോഴും മികച്ചതായിരിക്കണമെന്നില്ലെന്നും ഉള്ളടക്കം വിവരിക്കുന്ന രീതിയനുസരിച്ച് ഇത്തരം വ്യത്യസ്തമായ ഫലങ്ങൾ വരാമെന്നും ജൂൺ മൂന്നിന് സംഭവത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് ഗൂഗ്ൾ പ്രസ്താവനയിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.