കാസ്‌പെർസ്‌കി ജീവനക്കാരുടെ ഐഫോൺ ഹാക്ക് ചെയ്തു; ആപ്പിളും യുഎസും ചേർന്നുള്ള ‘പണിയെന്ന്’ റഷ്യ

റഷ്യ ആസ്ഥാനമായ ലോകത്തിലെ ഏറ്റവും വലിയ സൈബർ സുരക്ഷ, ആന്റിവൈറസ് സോഫ്റ്റ്‌വെയർ കമ്പനിയാണ് കാസ്‌പെർസ്‌കി. ലോകമെമ്പാടുമുള്ള വ്യക്തികളും ബിസിനസുകളും ഗവൺമെന്റുകളും വ്യാപകമായി കാസ്‍പെർസ്കി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാലിപ്പോൾ വിചിത്രമായ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആന്റി-വൈറസ് സോഫ്റ്റ്​വെയർ കമ്പനി. തങ്ങളുടെ പല ജീവനക്കാരുടെയും ഐഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കാസ്‌പെർസ്‌കി ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.

ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സാങ്കേതിക വിശദാംശങ്ങളും ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗ് പോസ്റ്റിലെ ടൈംലൈൻ അനുസരിച്ച് വർഷങ്ങളോളം ഹാക്കിങ് അവർക്ക് കണ്ടെത്താനായിരുന്നില്ല. ആക്രമണത്തിന് പിന്നിൽ ആരാണെന്നും കാസ്‌പെർസ്‌കി തിരിച്ചറിഞ്ഞിട്ടില്ല, "അങ്ങേയറ്റം സങ്കീർണ്ണവും വിദഗ്ധസഹായത്തോടെ ലക്ഷ്യമിട്ടതുമായ സൈബർ ആക്രമണം" എന്നാണ് കമ്പനി അതിനെ വിശേഷിപ്പിച്ചത്.

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഹാക്കിങ് കാമ്പെയ്‌ൻ കണ്ടെത്തിയതെന്ന് കാസ്‌പെർസ്‌കി വക്താവ് ഒരു ഇമെയിലിൽ പറഞ്ഞു. റഷ്യയിൽ അമേരിക്ക നടത്തുന്ന സൈബർ ആക്രമണങ്ങളുമായി ഇതിന് ബന്ധമുണ്ടെന്ന് റഷ്യൻ അധികൃതർ സൂചിപ്പിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പഴയ പതിപ്പിലാണ് ഹാക്കിങ്ങിന് കാരണമായ സ്പൈവെയർ പ്രവർത്തിച്ചതെന്നും കാസ്‍പെർസ്കി ചൂണ്ടിക്കാട്ടി.

ആപ്പിളും യു.എസ് രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് റഷ്യയിൽ

റഷ്യൻ പൗരന്മാരുടെയും രാജ്യത്തെ നയതന്ത്ര ദൗത്യങ്ങളുമായും എംബസികളുമായും ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവരുടെയും ഉപകരണങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഐഫോണുകൾ യുഎസ് രഹസ്യാന്വേഷണ ഏജൻസി ഹാക്ക് ചെയ്തതായി എഫ്എസ്ബി എന്നറിയപ്പെടുന്ന റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസും ആരോപിക്കുന്നുണ്ട്. അവർ പുറത്തുവിട്ട പ്രസ്താവനയിൽ, ആക്രമണത്തിന് പിന്നിൽ ഏത് യുഎസ് രഹസ്യാന്വേഷണ ഏജൻസിയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഐഫോൺ നിർമാതാക്കളായ ആപ്പിൾ, യു.എസ് രഹസ്യാന്വേഷണ വിഭാഗവുമായി, പ്രത്യേകിച്ച് ദേശീയ സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യൻ സുരക്ഷാ ഏജൻസി അവകാശപ്പെടുന്നു. നാറ്റോ രാജ്യങ്ങളായ ഇസ്രായേൽ, ചൈന എന്നിവിടങ്ങളിൽ റഷ്യ ആസ്ഥാനമായുള്ള നയതന്ത്രജ്ഞർ രജിസ്റ്റർ ചെയ്ത സിം കാർഡുമായാണ് ആക്രമണം ബന്ധപ്പെട്ടിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നുണ്ട്.

നിഷേധിച്ച് ആപ്പിൾ..

എഫ്എസ്ബി ആരോപിച്ചതുപോലെ ഐഫോണുകൾ ഹാക്ക് ചെയ്യാൻ തങ്ങൾ ഒരു സർക്കാരിനെയും സഹായിച്ചിട്ടില്ലെന്നും “ഒരിക്കലും അത് പോലൊരു പ്രവർത്തി ചെയ്യില്ല” എന്നും ആപ്പിളിന്റെ വക്താവ് അറിയിച്ചു. അതേസമയം, ഏതെങ്കിലും റഷ്യൻ ഐഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ? എന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് പ്രതികരിച്ചില്ല. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ആപ്പിൾ റഷ്യയിലെ ഉൽപ്പന്ന വിൽപ്പന നിർത്തിവച്ചിരുന്നു. എന്നാൽ സമാന്തര ഇറക്കുമതി സ്കീമുകൾ വഴി ഐഫോണുകൾ ഇപ്പോഴും വ്യാപകമായി റഷ്യയിൽ ലഭ്യമാണ്.

കാസ്‍പെർസ്കിക്ക് ബാൻ

ചാരവൃത്തി ചെയ്യുന്നതായി ആരോപിച്ച് 2017-ൽ തങ്ങളുടെ ഫെഡറൽ സംവിധാനങ്ങളിൽ കാസ്‌പെർസ്‌കി സോഫ്‌റ്റ്‌വെയർ ഉപയോഗിക്കുന്നത് യുഎസ് സർക്കാർ നിരോധിച്ചിരുന്നു. കഴിഞ്ഞ വർഷം, യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ ഉപകരണങ്ങളും സേവനങ്ങളും ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കുന്ന കമ്പനികളുടെ പട്ടികയിൽ റഷ്യൻ സ്ഥാപനത്തിന്റെ ഉൾപ്പെടുത്തുകയും ചെയ്തു.

Tags:    
News Summary - Kaspersky says attackers hacked staff iPhones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.