തൃശൂർ: ഗുരുവായൂരിലെ മാൻഹോളുകൾ ഇനിമുതൽ റോബോട്ടുകൾ വൃത്തിയാക്കും. അത്യാധുനിക സംവിധാനങ്ങളോടെ ജെൻറോബോട്ടിക്‌സ് വികസിപ്പിച്ച ബാൻഡികൂട്ട് എന്ന റോബോട്ടിക് സ്‌കവഞ്ചര്‍ വെള്ളിയാഴ്ച മുതൽ ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിവസത്തെ കര്‍മപദ്ധതിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതോടെ, മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ പൂർണമായും റോബോട്ടിക് സാങ്കേതിക വിദ്യ സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായും കേരളം മാറി.
മാന്‍ഹോളില്‍ പ്രവേശിക്കുന്ന റോബോട്ട് മനുഷ്യന്റെ കൈകാലുകള്‍ക്ക് സമാനമായ റോബോട്ടിക് കൈകള്‍ ഉപയോഗിച്ച് ആണ് മലിനജലം നീക്കം ചെയ്യുന്നത്. മാന്‍ഹോളിനുള്ളിലെ ഹാനികരമായ വാതകങ്ങളെ തിരിച്ചറിയാന്‍ മെഷീനില്‍ വാട്ടര്‍പ്രൂഫ്, എച്ച് ഡി വിഷന്‍ ക്യാമറകളും സെന്‍സറുകളും ഉണ്ടായിരിക്കും.
ഗുരുവായൂരില്‍ പദ്ധതി ആരംഭിച്ചതോടെ കേരളത്തിലെ മാനുവല്‍ സ്‌കാവഞ്ചിങ് അവസാനിച്ചെന്നും പകര്‍ച്ചവ്യാധികളുടെ വ്യാപനവും അവ മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികളും നേരിടാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഗുരുവായൂരില്‍ റോബോട്ടിക് ശുചീകരണ പ്രവര്‍ത്തനത്തിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍2018 മുതല്‍ റോബോട്ടുകളെ ഉപയോഗിച്ചുവരുന്നുണ്ട്. ഗുരുവായൂരില്‍ കൂടി സാങ്കേതിക വിദ്യ എത്തിയതോടെ കേരളത്തില്‍ കമ്മീഷന്‍ ചെയ്ത എല്ലാ അഴുക്കുചാലുകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്നത് ബാന്‍ഡികൂട്ട് ആയി മാറി.
ഈ വർഷത്തെ മികച്ച യുവപ്രതിഭകളെ ഉൾപ്പെടുത്തി ഫോബ്സ് തയ്യാറാക്കിയ ‘ഫോബ്സ് ഇന്ത്യ 30- അണ്ടർ 30' പട്ടികയിൽ കേരളത്തിന്റെ സ്വന്തം സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്‌സിന്റെ സ്ഥാപകർ ഇടംപിടിച്ചിരുന്നു. സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ ശുചിത്വമേഖലയ്‌ക്ക് നൽകിയ സംഭാവന കണക്കിലെടുത്തായിരുന്നു ജെൻറോബോട്ടിക്‌സ് ഡയറക്ടർമാരായ എം.കെ വിമൽ ഗോവിന്ദ്, എൻ.പി നിഖിൽ, കെ. റാഷിദ്, അരുൺ ജോർജ് എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.