പബ്ജി മൊബൈൽ നിരോധിച്ചതോടെ കൊറിയൻ ഗെയിം കമ്പനിയായ ക്രാഫ്റ്റൻ ഇന്ത്യയിൽ അവതരിപ്പിച്ച ഗെയിമായിരുന്നു ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (ബിജിഎംഐ). എന്നാൽ, പബ്ജിയുടെ റീബ്രാന്‍ഡഡ് പതിപ്പായി എത്തിയ ബിജിഎംഐ-യും കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ നിന്നും വിലക്കുകയുണ്ടായി. സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി.
ബിജിഎംഐ കുട്ടികളെ ദോഷകരമായി ബാധിക്കുന്നു എന്ന ആരോപണം രാജ്യസഭയിലുള്‍പ്പെടെ ഉന്നയിക്കപ്പെട്ടതോടെയാണ് ഗെയിം നിരോധിക്കപ്പെടുന്നത്. ഉത്തർപ്രദേശിൽ ഈ ഗെയിമിന് അടിമയായ ഒരു വിദ്യാർഥി അമ്മയെ കൊലപ്പെടുത്തിയ വാർത്തകൾക്ക് പിന്നാലെയാണ് ബിജിഎംഐ-ക്കെതിരായ നടപടികൾക്ക് വേഗത കൂടിയത്. ഗെയിമിനോടുള്ള ആസക്തി കാരണം കുറ്റകൃത്യങ്ങൾ ചെയ്ത കുട്ടികളുടെ നിരവധി വാർത്തകളാണ് ആ സമയത്ത് വന്നിരുന്നത്.
എന്നാലിപ്പോൾ ബിജിഎംഐ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. അതെ, കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കും. എന്നാൽ, ട്രയൽ എന്ന രീതിയിൽ മൂന്ന് മാസത്തേക്ക് മാത്രമാകും തുടക്കത്തിൽ ലഭ്യമാവുക. കൊറിയൻ ഗെയിമിങ് കമ്പനിയായ ക്രാഫ്റ്റന്റെ കീഴിലുള്ള ബിജിഎംഐ, മൂന്ന് മാസക്കാലയളവിൽ രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് അധികാരികൾ പരിശോധിക്കും. ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
കുട്ടികൾ ഗെയിമിന് അടിമകളാകുന്നുണ്ടോ എന്നും ഗെയിമുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നുമൊക്കെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, തിരിച്ചെത്തുന്ന ബിജിഎംഐ, ദിവസം മുഴുവൻ ഇരുന്ന് കളിക്കാൻ കഴിയുമെന്ന് ആരും വ്യാമോഹിക്കേണ്ട. ഗെയിം കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ആളുകളെ ഷൂട്ട് ചെയ്ത് രക്തം ചിന്താനും ഇനി കഴിഞ്ഞെന്ന് വരില്ല, മുറിവേൽപ്പിക്കുമ്പോൾ രക്തം വരുന്ന ആനിമേഷൻ ഉപേക്ഷിക്കാനോ, കുറഞ്ഞത് രക്തത്തിന്റെ നിറമെങ്കിലും മാറ്റാനോ കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്തായാലും നിരോധനം കഴിഞ്ഞെത്തുന്ന ബിജിഎംഐ വൈകാതെ തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നുമൊക്കെ ഡൗൺലോഡ് ചെയ്ത് കളിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.