ലോകപ്രശസ്ത ജോബ് സേർച്ചിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ അടിമുടി മുഖംമാറാനുള്ള ഒരുക്കത്തിലാണ്. ജോലി തിരയാനായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിനെ 2016-ലായിരുന്നു മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ, ടിക്ടോകിലൂടെ ജനപ്രിയമായ ഷോർട്ട് വീഡിയോകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇൻ. ടിക് ടോകിന് പിന്നാലെ, ഇൻസ്റ്റഗ്രാമും യൂട്യൂബും ഫേസ്ബുക്കും സ്നാപ്ചാറ്റുമൊക്കെ ഹൃസ്വ വിഡിയോകൾ പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. അതിനായുള്ള പരീക്ഷണം ലിങ്ക്ഡ്ഇന്നിൽ പുരോഗമിക്കുന്നതായി ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
റിപ്പോർട്ട് അനുസരിച്ച്, നാവിഗേഷൻ ബാറിലെ പുതിയ 'വീഡിയോ' ടാബിലാകും ഷോർട്ട് വീഡിയോകൾ കാണാനുള്ള ഓപ്ഷൻ ദൃശ്യമാവുക. നിങ്ങൾ വീഡിയോ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ സ്വൈപ്പുചെയ്യാനാകുന്ന ഹ്രസ്വ വീഡിയോകളുടെ നീണ്ട നിര തന്നെ കാണാം. ടിക് ടോക്കിന് സമാനമായ ഒരു വെര്‍ട്ടിക്കല്‍ വീഡിയോ പ്ലാറ്റ്ഫോം തന്നെയാണ് അവതരിപ്പിക്കുന്നത്. വിഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമൊക്കെ കഴിയും.
ടിക് ടോകും ഇൻസ്റ്റഗ്രാമും വിനോദാധിഷ്ടിത ഉള്ളടക്കങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അതേസമയം, ജോലി തിരയൽ ആപ്പായ ലിങ്ക്ഡ്ഇൻ ഏത് തരം ഷോർട്ട് വിഡിയോകളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.
ലിങ്ക്ഡ്ഇനില്‍ ഇതിനകം വീഡിയോ പങ്കുവെക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ഷോര്‍ട്ട് വീഡിയോ സൗകര്യവും അവതരിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ പങ്കുവെക്കാനും, സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും തങ്ങളുടെ നേട്ടങ്ങളും മറ്റ് വിശേഷങ്ങളും ഇതില്‍ പങ്കുവെക്കാം. തൊഴിലന്വേഷകരെ രസിപ്പിക്കാൻ ഗെയിമുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ലിങ്ക്ഡ്ഇൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.