ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക് ഇരട്ടക്കുട്ടികളുടെ അച്ഛനായ വിവരം ഈയിടെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മസ്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള വൈദ്യശാസ്ത്ര സാങ്കേതികവിദ്യ സ്റ്റാർട്ടപ്പായ ന്യൂറാലിങ്കിന്റെ പ്രോജക്ട് ഡയറക്ടർ ഷിവോൺ സിലിസ്, തന്റെ ഇരട്ടക്കുട്ടികളുടെ പേരിനൊപ്പം ഇലോൺ മസ്കിന്റെ പേരുകൂടി ചേർക്കാൻ ടെക്സസ് കോടതിയിൽ അപേക്ഷ നൽകിയതോടെയാണ് വിവരം പുറംലോകമറിയുന്നത്.
അതോടെ മസ്കിന്റെ മക്കളുടെ എണ്ണം ഒമ്പതാവുകയും ചെയ്തു. മുൻ ഭാര്യയും എഴുത്തുകാരിയുമായ ജസ്റ്റിൻ വിൽസണിൽ മസ്കിന് അഞ്ച് മക്കളുണ്ട്. ഗായിക ഗ്രൈംസിൽ രണ്ട് കുട്ടികളുമാണുള്ളത്. ഷിവോൺ സിലിസ് അടക്കം മൂന്നുംപേരും കനേഡിയക്കാർ കൂടിയാണ്.
അതേസമയം, തന്റെ സന്താനങ്ങളുടെ എണ്ണം വർധിപ്പിച്ച മസ്കിന് ആശംസകൾ നേർന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കോടീശ്വരനായ മാർക് ക്യൂബൻ. വാർത്ത പുറത്തുവന്നതിന് ശേഷം താൻ മസ്‌കിന് സന്ദേശമയച്ചതായി ഫുൾ സെൻഡ് പോഡ്‌കാസ്റ്റിൽ ക്യൂബൻ വെളിപ്പെടുത്തി. 'അദ്ദേഹത്തിന് ഒരു കുട്ടി കൂടി പിറന്നു അല്ലേ..? അവസാനത്തെ മൂന്ന് മക്കൾക്ക് മുമ്പോ മറ്റോ ആണെന്ന് തോന്നു, ഞാനദ്ദേഹത്തിന് ഒരു സന്ദേശമയച്ചു.. സുഹൃത്തേ, അഭിനന്ദനങ്ങൾ... എത്ര കുട്ടികളെയാണ് താങ്കൾ ആഗ്രഹിക്കുന്നത്...?
ചൊവ്വയിൽ മനുഷ്യനെ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ അഭിലാഷം കണക്കിലെടുത്താൽ മസ്‌കിന്റെ പ്രതികരണം ഉചിതമായിരുന്നു. "ചൊവ്വയ്ക്ക് ആളുകളെ ആവശ്യമുണ്ട്," അദ്ദേഹം ക്യൂബനോട് പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്പേസ് എക്സിന് മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ കഴിയുമെന്ന് മസ്ക് പറഞ്ഞിരുന്നു.
ഒരുപാട് മക്കളുളള കോടീശ്വരനായ താനൊരു അപൂർവ അപവാദമാണെന്ന് ഇലോൺ മസ്ക് നേരത്തെ പറഞ്ഞിരുന്നു. തനിക്കറിയാവുന്ന മിക്ക കോടീശ്വരൻമാർക്കും ഒരു കുട്ടി മാത്രമേയുള്ളൂ, ചിലർ മക്കളില്ലാത്തവരുമാണ്. എന്നാൽ ഇക്കാര്യത്തിൽ താനൊരു അപൂർവ അപവാദമാണ്. - ജനസംഖ്യ നിയന്ത്രണത്തിനെതിരെ പ്രതികരിച്ചുള്ള ട്വീറ്റിൽ അദ്ദേഹം പറഞ്ഞു. ചിലർ ചിന്തിക്കുന്നത് ഒരാൾ സമ്പന്നനാകുന്നതിനനുസരിച്ച് അവർക്ക് മക്കളും കുറവായിരിക്കുമെന്നാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും ജനസംഖ്യ നിയന്ത്രണത്തിനെതിരെ ഇലോൺ മസ്ക് പ്രതികരണവുമായി എത്തിയിരുന്നു. "ഭൂമിയിൽ ആവശ്യത്തിന് ആളുകളില്ലെങ്കിൽ, ചൊവ്വയിൽ ആവശ്യത്തിന് ആളുകൾ ഉണ്ടാകും" എന്നും ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.