സക്കർബർഗിന്റെ എം.എം.എ പരിശീലനം ഇലോൺ മസ്കിനെ ഇടിക്കാനോ..?

മെറ്റ തലവൻ മാർക് സക്കർബർഗ് ഏറെ കാലമായി മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പരിശീലനത്തിലാണ്. തന്റെ ആദ്യത്തെ എം.എം.എ ഫൈറ്റ് അരങ്ങേറ്റത്തിനായി കഠിനമായ തയ്യാറെടുപ്പിലായിരുന്നു ശതകോടീശ്വരൻ. എന്നാൽ, പരിശീലനത്തിനിടെ കാലിന്റെ ലിഗമെന്റ് പൊട്ടി ചികിത്സയിലാണ് താനെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ വിവരം ഇൻസ്റ്റഗ്രാമിലൂടെ സക്കർബർഗ് പങ്കുവെക്കുകയും ചെയ്തു.

അടുത്ത വർഷം നടക്കാൻ പോകുന്ന ഫൈറ്റിന്റെ പരിശീലനത്തിനിടെയാണ് പരിക്കുണ്ടായതെന്ന് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചിട്ടുണ്ട്. കൂടെ ചില ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പരിക്ക് ഭേദമായതിന് ശേഷം പരിശീലനം തുടരുമെന്നും തീരുമാനിച്ചത് പോലെ എം.എം.എ ഫൈറ്റ് നടക്കുമെന്നും അതിനായാണ് ശ്രമിക്കുന്നതെന്നും എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും സക്കർബർഗ് പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് കേജ് ഫൈറ്റിന് വേണ്ടി ടെസ്‌ല മേധാവി ഇലോൺ മസ്‌ക് സക്കർബർഗിനെ വെല്ലുവിളിച്ചിരുന്നു. എക്സിനു (ട്വിറ്റർ) ബദലായി മെറ്റ, ത്രെഡ്സ് ആപ് പുറത്തിറക്കിയതിന് പിന്നാലെ ഇരുവരും തമ്മിൽ വെർച്വൽ പോര് തുടങ്ങിയിരുന്നു. വെല്ലുവിളി ഏറ്റെടുത്ത് ഇടിമത്സരം എവിടെയാണ് നടത്തേണ്ടതെന്ന് സക്കർബർഗ് ഇൻസ്റ്റഗ്രാമിലൂടെ ചോദ്യമുന്നയിച്ചപ്പോൾ മിക്സ്ഡ് മാർഷ്യൽ ആർട്സ് പോരാട്ടവേദിയായ വേഗസ് ഒക്ടഗൺ ആണ്, മസ്‌ക് നിർദേശിച്ചത്. എന്നാൽ, അതിന് വേണ്ടിയാണോ സക്കർബർഗ് പരിശീലനം നടത്തുന്നതെന്നാണ് ഇപ്പോൾ അദ്ദേഹത്തിന് പരിക്കേറ്റതിന് പിന്നാലെ ചിലരുടെ സംശയം.

ഇടിക്കൂട്ടിലെ പോരുമായി ബന്ധപ്പെട്ട് മസ്കും സക്കർബർഗും സോഷ്യൽ മീഡിയയിൽ പരസ്പരം പോരടിച്ചതിന് പിന്നാലെ ഇരുവരും തമാശ പറയുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, അങ്ങനെ കരുതിയവരെ അമ്പരപ്പിച്ചുകൊണ്ട് യു.എഫ്.സി പ്രസിഡന്റ് ഡാന വൈറ്റ് തന്നെ രംഗത്തുവരികയുണ്ടായി.

ഇലോണിനോടും മാർക്കിനോടും സംസാരിച്ചതായും, രണ്ടുപേരും ഇക്കാര്യത്തിൽ വളരെ സീരീയസാണെന്നും യു.എഫ്.സി പ്രസിഡന്റ് കഴിഞ്ഞ ജൂണിൽ പറഞ്ഞിരുന്നു. എന്നാൽ, അതിന് ശേഷം പോരാട്ടവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോൾ സക്കർബർഗിന് എംഎംഎ പരിശീലനത്തിനിടെ പരിക്കേറ്റ വിവരം വാർത്തയായതോടെ ഇലോൺ മസ്ക് - സക്കർബർഗ് കേജ് ഫൈറ്റിനായി കാത്തിരിക്കുകയാണ് നെറ്റിസൺസ്. 

Tags:    
News Summary - Mark Zuckerberg's ACL Surgery Raises Questions About Potential MMA Match Against Elon Musk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT