‘മോഷണം’ വിനയായി; വാച്ചുകൾ വിൽക്കുന്നതിന് ആപ്പിളിന് വിലക്ക്, ഇത് മേസിമോ’യുടെ പ്രതികാരം

അതെ..! ഒരു പേറ്റന്റ് യുദ്ധത്തിൽ ദയനീയമായ തോൽവിയടഞ്ഞിരിക്കുകയാണ് സാക്ഷാൽ ആപ്പിൾ. ഏറ്റവും പുതിയ സീരീസ് 9, അള്‍ട്രാ 2 സ്മാര്‍ട്ട് വാച്ചുകള്‍ ആപ്പിൾ ഈയടുത്തായിരുന്നു വിപണിയിൽ എത്തിച്ചത്. നിരവധി ഫീച്ചറുകൾക്കൊപ്പം രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള സാങ്കേതികവിദ്യയും ആപ്പിൾ ഈ മോഡലുകളിൽ അവതരിപ്പിച്ചിരുന്നു. ക്രിസ്മസിന് പുതിയ സ്മാർട്ട് വാച്ചുകൾ ചൂടപ്പം പോലെ വിറ്റ് പണംവാരാമെന്ന് പ്രതീക്ഷിച്ചിരുന്ന ആപ്പിളിന് തിരിച്ചടി നൽകിയിരിക്കുന്നതും ആ പുതിയ ഫീച്ചറാണ്.

പേറ്റന്റ് യുദ്ധത്തിൽ പരാജയപ്പെട്ടതോടെ പുതിയ ഐ-വാച്ചുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ഐടിസി). വിലക്ക് സ്റ്റേ ചെയ്യണമെന്ന ആപ്പിളിന്റെ അപേക്ഷ ഐടിസി ബുധനാഴ്ച തള്ളുകയും ചെയ്തു. 

ഒരു മോഷണമാണ് ആപ്പിളിന് തലവേദനയായിരിക്കുന്നത്. മറ്റൊരു കമ്പനിയുടെ സാ​​ങ്കേതിക വിദ്യ ടിം കുക്കിന്റെ കമ്പനി ഐ-വാച്ചിൽ ഉൾപ്പെടുത്തി. അതിൽ പേറ്റന്റുമെടുത്തു. മോഷണത്തെ കുറിച്ച് പറയുന്നതിന് മുമ്പ് ആപ്പിളിനെതിരെ നിയമനടപടിയുമായി രംഗത്തുവന്ന വൈദ്യശാസ്ത്ര ഉപകരണ നിര്‍മാതാക്കളായ മേസിമോ (Masimo)-യെ കുറിച്ച് അറിയണം.

SpO2 സെന്‍സിങ് സാങ്കേതികവിദ്യ

മെഡ്ടെക് ഇൻഡസ്ട്രിയിലെ വളരെ വലിയൊരു പ്രതിസന്ധി പരിഹരിച്ചുകൊണ്ടാണ് ചെറിയൊരു മെഡിക്കൽ കോർപ്പറേഷനായിരുന്ന മേസിമോ 2013-ൽ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. രക്തത്തിലെ ഓക്സിജന്റെ അളവ് കൃത്യമായി കണക്കാക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു അന്ന്. അതിനായുള്ള അന്നത്തെ മിക്ക സാങ്കേതികവിദ്യകൾക്കും രോഗികൾ പൂർണ്ണമായും നിശ്ചലമായിരിക്കേണ്ടത് ആവശ്യമായിരുന്നു. ചെറിയൊരു അനക്കം പോലും തെറ്റായി റീഡിങ്ങിന് കാരണമാകും എന്നതായിരുന്നു പോരായ്മ.

അതിന് പരിഹാരമാകുന്ന ടെക്നോളജിയുമായി മേസിമോ എത്തി. അവരുടെ പള്‍സ് ഓക്‌സിമീറ്റര്‍ അടക്കമുള്ള ഉപകരണങ്ങളിൽ രക്തത്തിലെ ഓക്‌സിജന്റെ അളവു നോക്കാനായി ഉപയോഗിക്കുന്ന SpO2 സെന്‍സിങ് സാങ്കേതികവിദ്യയുടെ പ്രവർത്തന രീതി ഏറെ വ്യത്യസ്തമായിരുന്നു. ഉപകരണം ധരിച്ചിരിക്കുന്ന ശരീരഭാഗത്തിന് ചുറ്റുമുള്ള ശരീര കോശങ്ങളിലൂടെ പ്രകാശം കടത്തിവിടും. ആവശ്യത്തിന് ഓക്‌സിജൻ ഉള്ളതോ ഇല്ലാത്തതോ ആയ രക്തം പ്രകാശത്തെ വ്യത്യസ്തമായി ആഗിരണം ചെയ്യുന്നു. ഈ സ്വഭാവം സെൻസറുകൾ മനസിലാക്കുകയും ആ റീഡിങ് സംഖ്യകളുടെ രൂപത്തിൽ നമുക്ക് പറഞ്ഞുതരികയും ചെയ്യും. അതോടെ, രക്തത്തിലെ ഓക്സിജൻ അളവ് കൃത്യമായി മനസിലാക്കാനുള്ള മാർഗം ജനിച്ചു. മെഡിക്കൽ മേഖലയിൽ വളരെ വലിയൊരു നാഴികക്കല്ലായി അത് മാറുകയും ചെയ്തു.

വാച്ചുകളടക്കമുള്ള വെയറബിൾ ബിസിനസിലേക്ക് കണ്ണുനട്ടിരുന്ന ആപ്പിൾ മേസിമോയുടെ കണ്ടുപിടുത്തമിങ്ങനെ നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവിൽ അവർ മേസിമോയുടെ വാതിലുകളിൽ മുട്ടുകയും ചെയ്തു. ഐ-വാച്ചിലേക്ക് പുതിയ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിന് മാസിമോയുമായി സഹകരിക്കാൻ ആപ്പിൾ ആഗ്രഹിച്ചു. ആപ്പിൾ പോലൊരു ടെക് ഭീമനുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു മാസിമോ. തുടർന്ന് പല കൂടിക്കാഴ്ചകളും ചർച്ചകളുമൊക്കെ നടന്നു.

ആപ്പിളിന്റെ ചതി

എന്നാൽ, കാര്യങ്ങൾ കുഴഞ്ഞുമറിയാൻ കൂടുതൽ താമസിച്ചില്ല. ആപ്പിളിന് തങ്ങളെ ആവശ്യമില്ലെന്നും തങ്ങൾ വികസിപ്പിച്ചെടുത്ത സാ​ങ്കേതിക വിദ്യയിൽ മാത്രമാണ് അവരുടെ കണ്ണെന്നും മേസിമോ മനസിലാക്കി. താമസിയാതെ, ടെക് ഭീമൻ, ചീഫ് മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള മേസിമോയിലെ പ്രധാന ജീവനക്കാരെ ലക്ഷ്യമിടാൻ തുടങ്ങി. ഭീമൻ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ജീവനക്കാരെ ആപ്പിൾ മാടിവിളിച്ചത്.

മേസിമോയുടെ ടെക്കിനെ കുറിച്ചുള്ള രഹസ്യവിവരങ്ങളറിയുന്നവരിൽ ചിലർ ആപ്പിളിലേക്ക് ചാടി. എന്നാൽ, രഹസ്യം സൂക്ഷിക്കുമെന്ന ഉറപ്പ് അവർ നൽകിയതിനാൽ മേസിമോ എല്ലാം കൈവിട്ടുപോകുമെന്ന് ഭയന്നില്ല. തങ്ങളുടെ മുൻ ജീവനക്കാരിൽ നിന്ന് ട്രേഡ് സീക്രട്ടുകൾ ചൂഴ്ന്നെടുക്കരുതെന്ന് ആപ്പിളിനോട് അവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാൽ, മേസിമോ വികസിപ്പിച്ച സാ​ങ്കേതിക വിദ്യയുടെ പേറ്റന്റ് മുൻ ജീവനക്കാർ ആപ്പിളിന്റെ പേരിൽ ഫയൽ ചെയ്യുകയായിരുന്നു. 2002-ൽ മേസിമോ അപേക്ഷിച്ചതിന് സമാനമായിരുന്നു ആപ്പിളിന്റെ പേറ്റന്റുകൾ. പിന്നാ​ലെ, ആപ്പിൾ ലൈറ്റ് സെൻസർ ബ്ലഡ് ഓക്സിജൻ റീഡർ ടെക്നോളജി ഘടിപ്പിച്ച ഉപകരണങ്ങൾ പുറത്തിറക്കുകയും ചെയ്തു.

പ്രതികാരം

അതോടെ ഹാലിളകിയ മേസിമോ 2020-ൽ ആപ്പിളിനെതിരെ ഒരു കേസ് ഫയൽ ചെയ്തു. ആപ്പിൾ തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ആ കേസ് ഒന്നിലുമെത്താതെ അവസാനിച്ചതോടെ, 2021-ൽ യുഎസ് ട്രേഡ് കമ്മീഷനിൽ (ഐടിസി) മറ്റൊരു പരാതി നൽകി. ഒടുവിൽ മേസിമോക്ക് അനുകൂലമായ വിധിയെത്തുകയും ചെയ്തു. ആപ്പിൾ മേസിമോയുടെ പേറ്റന്റുകൾ ലംഘിച്ചുവെന്ന് കമ്മീഷൻ പറഞ്ഞു. അതോടെ യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ സീരീസ് 9, അള്‍ട്രാ 2 ആപ്പിൾ സ്മാർട്ട് വാച്ചുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു.

അമേരിക്കയിൽ ഇറക്കുമതിക്കും വില്പനക്കുമാണ് വിലക്ക്. നടപടി വൈകിപ്പിക്കണമെന്ന അപേക്ഷയുമായി ആപ്പിൾ എത്തിയെങ്കിലും ഐടിസി അത് തള്ളി. വിലക്ക് വന്നതോടെ ഡിസംബർ 24 മുതൽ അമേരിക്കയിൽ വാച്ച് സീരീസ് 9, അള്‍ട്ര 2 മോഡലുകളുടെ വിൽപന നിർത്തിവെക്കുമെന്ന് ആപ്പിൾ അറിയിച്ചിരുന്നു. ഡിസംബർ 26 മുതലാണ് വിലക്ക് നിലവിൽ വരിക. ഇന്ത്യയിലടക്കം മറ്റുരാജ്യങ്ങളിൽ ഈ വാച്ചുകൾ ലഭ്യമാകും.

ആപ്പിളിന്റെ 17 ബില്യൺ ഡോളറിന്റെ സ്മാർട്ട് വാച്ച് ബിസിനസാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. എന്ത് ചെയ്തും വാച്ചുകളെ തിരികെ വിപണിയിൽ എത്തിക്കാനുള്ള വഴികൾ തേടുകയാണ് ആപ്പിൾ ഇപ്പോൾ. അതിനായി സോഫ്റ്റ്‌വെയറുകളിൽ മാറ്റം വരുത്തിയേക്കും. വിലക്ക് വീണെങ്കിലും അന്തിമ തീരുമാനം യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെതാണ്. ഐടിസിയുടെ വിലക്ക് വീറ്റോ ചെയ്യാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. വൈറ്റ് ഹൗസിന്റെ ഇടപെടലിൽ ഉറ്റുനോക്കുകയാണെങ്കിലും വിലക്ക് പിൻവലിക്കാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Masimo's Retribution: Apple Barred from Watch Sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.