ആപ്പിളിന്റെ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റായ വിഷൻ പ്രോയാണ് ഇപ്പോൾ ടെക് ലോകത്തെ പ്രധാന ചർച്ചാവിഷയം. ഐഫോണിന് ശേഷമുള്ള ആകർഷകമായ സാങ്കേതിക വിദ്യയെന്നാണ് ഓപൺഎ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ആപ്പിൾ വിഷൻ പ്രോയെ വിശേഷിപ്പിച്ചത്. വില 3499 ഡോളർ ( ഏകദേശം 2.90 ലക്ഷം രൂപ) ആയിട്ടും വിപണിയിൽ വിഷൻ പ്രോക്ക് വൻ ഡിമാൻഡാണുള്ളത്.
വെർച്വൽ റിയാലിറ്റിയുടെയും (വി.ആർ) ഓഗ്മെന്റഡ് റിയാലിറ്റിയുടെയും (എ.ആർ) സാധ്യതകളുപയോഗപ്പെടുത്തുന്ന വിഷൻ പ്രോയെ ടെക് രംഗത്തെ പ്രമുഖർ വാനോളം പുകഴ്ത്തുമ്പോഴും ടെക് ഭീമൻ മെറ്റയ്ക്ക് മറ്റൊരു അഭിപ്രായമാണുള്ളത്. മെറ്റ മേധാവി മാർക്ക് സക്കർബർഗ് സോഷ്യൽ മീഡിയയിൽ വിഷൻ പ്രോയെ കീറിമുറിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷം, കമ്പനി സി.ടി.ഒ ആൻഡ്രൂ ബോസ്വർത്തും ആപ്പിളിന്റെ എം.ആർ ഹെഡ്സെറ്റിനെ കൊട്ടി രംഗത്തുവന്നിരിക്കുകയാണ്.
സക്കർബർഗിനെ പോലെ ബോസ്വർത്തിനും ഐഫോൺ നിർമ്മാതാക്കളുടെ ആദ്യ "സ്പേഷ്യൽ കമ്പ്യൂട്ടറിനെക്കുറിച്ച്" ചില നല്ല കാര്യങ്ങളും ചില മോശമായ കാര്യങ്ങളും പറയാനുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിൻ്റെ വിശകലനം കുറച്ചുകൂടി വിമർശനാത്മകമായിരുന്നു. വിപണിയിൽ ആപ്പിൾ വിഷൻ പ്രോയുടെ പ്രധാന എതിരാളിയാണ് മെറ്റയുടെ ക്വസ്റ്റ് 3 (Meta Quest 3 ). വിഷൻ പ്രോ റിലീസ് ചെയ്തതോടെ അതിന്റെ ഉയർന്ന വിലയെ എടുത്തുപറഞ്ഞും മറ്റും മെറ്റയുടെ ഉന്നത ഉദ്യോഗസ്ഥരൊന്നടങ്കം തങ്ങളുടെ ഉത്പന്നം പ്രമോട്ട് ചെയ്യുന്ന തിരക്കിലാണ്.
വിഷൻ പ്രോയുടെ അമിത ഭാരത്തെയും ബോസ്വർത്ത് എടുത്തുപറയുകയുണ്ടായി.120 ഗ്രാം മാത്രം ഭാരമുള്ള മെറ്റ ക്വസ്റ്റ് 3-യെ അപേക്ഷിച്ച് വിഷൻ പ്രോ ഭാരമേറിയതാണ്. വിഷൻ പ്രോ നിർമിക്കാനായി ആപ്പിൾ തിരഞ്ഞെടുത്ത ബിൽഡ് മെറ്റീരിയലുകളാണ് അതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
“ലോഹവും ഗ്ലാസും അവരുടെ ഡിസൈൻ ഭാഷയുടെ ഭാഗമാണ്. എന്നാൽ അവ രണ്ടും നിങ്ങളുടെ മുഖത്തായിരിക്കുമ്പോൾ പ്രീമിയം മെറ്റീരിയലുകളല്ല. പക്ഷെ ഹെഡ്സെറ്റ് നിങ്ങളുടെ കൈയിലിരിക്കുമ്പോൾ ഒരുപക്ഷെ വളരെ പ്രീമിയം ഫീൽ നൽകിയേക്കാം. എന്നാൽ നിങ്ങളുടെ മുഖത്ത് ‘ഭാരക്കുറവാണ്’ പ്രീമിയം മെറ്റീരിയൽ.
ഉള്ളടക്കം കാണുമ്പോൾ ഗംഭീര അനുഭവം നൽകുന്ന സൂപ്പർ-ഹൈ റെസല്യൂഷൻ സ്‌ക്രീൻ ഉൾപ്പെടെ "അതിശയകരമായ ചില കാര്യങ്ങൾ" വിഷൻ പ്രോ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉപകരണത്തിലെ ‘മോഷൻ ബ്ലറി’നെ കുറിച്ച് ബോസ്‍വർത്തിന് അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. നിങ്ങൾക്ക് ചുറ്റും നോക്കുന്ന പ്രവണതയുണ്ടെങ്കിൽ, അത് വളരെ ശ്രദ്ധ തിരിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു.
ആപ്പിൾ വിഷൻ പ്രോയുടെ അമിത വിലയെയും അദ്ദേഹം പരിഹസിച്ചു. വിഷൻ പ്രോക്ക് പകരം മെറ്റ ക്വസ്റ്റ് 3 വാങ്ങി 3000 രൂപ ലാഭിക്കാനാണ് മെറ്റ സി.ടി.ഒ പറയുന്നത്. ‘‘ക്വസ്റ്റ് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നുവെന്നല്ല ഞാൻ വിശ്വസിക്കുന്നത്, ക്വസ്റ്റ് വിഷൻ പ്രോയേക്കാൾ മികച്ച ഉൽപ്പന്നമാണെന്നാണ് ഞാൻ കരുതുന്നത്. - മാർക് സക്കർബർഗ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.