വാഷിങ്ടൺ: കോവിഡിനോടൊപ്പം ലോകത്ത് ഉടലെടുത്ത പ്രതിസന്ധിയാണ് മൈക്രോചിപ്പുകളുടെ ക്ഷാമം. മൊബൈൽ ഫോൺ, ലാപ്ടോപ്പ് മുതൽ വാഹനങ്ങളിലടക്കം ഇവ നിർബന്ധമാണ്. കോവിഡിനെ തുടർന്ന് വിവിധ കമ്പനികൾ പൂട്ടിയതും മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യം വർധിച്ചതും ലോകത്ത് മൈക്രോചിപ്പുകളുടെ ക്ഷാമത്തിന് വഴിവെച്ചു.
അമേരിക്കൻ വിപണിയിൽ മൈക്രോചിപ്പുകളുടെ ക്ഷാമം കാരണം 240 ബില്യൺ ഡോളറിന്‍റെ നഷ്ടമാണ് 2021ൽ ഉണ്ടായത്. ഇലക്‌ട്രോണിക്‌സ് കമ്പനികളാണ് ഏറ്റവും വലിയ ആഘാതം നേരിട്ടത്. ഏഷ്യയിലാണ് മൈക്രോചിപ്പുകൾ കൂടുതലായും ഉൽപ്പാദിപ്പിക്കുന്നത്. കോവിഡ് കാരണം മിക്ക പ്ലാന്‍റുകളും അടച്ചിടാൻ നിർബന്ധിതരായി.
ചിപ്പുകൾ ലഭ്യമല്ലാത്തതിനാൽ ഉൽപ്പാദനം കുറക്കേണ്ടി വന്നിട്ടുണ്ടെന്ന് അമേരിക്കയിൽ ഒപ്റ്റിമൽ ഡിസൈൻ കമ്പനിയുടെ സി.ഇ.ഒ സാജിദ് പട്ടേൽ പറഞ്ഞു. 'ഉൽപ്പന്നങ്ങൾ അമേരിക്കയിൽ തന്നെ നിർമിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ, അതിന് പലപ്പോഴും സാധിക്കുന്നില്ല. കൂടുതൽ പ്ലാൻറുകൾ സ്ഥാപിക്കുകയാണ് ഇത് മറികടക്കാനുള്ള മാർഗം. അത് ഭാവിയിലേക്കുള്ള നിക്ഷേപം കൂടിയാണ്' -സാജിദ് പട്ടേൽ പറഞ്ഞു.
മൈക്രോചിപ്പ് ക്ഷാമം കാർ നിർമാണത്തെയാണ് കാര്യമായി ബാധിച്ചത്. കഴിഞ്ഞവർഷം അമേരിക്കയിൽ ഫോർഡിന്‍റെ ട്രക്കുകൾ നിർമാണം കഴിഞ്ഞശേഷം നേരിട്ട് ഡീലർഷിപ്പിലേക്ക് പോകുന്നതിനുപകരം പാർക്കിങ് ഏരിയയിൽ ചിപ്പുകൾക്കായി മാസങ്ങൾ കാത്തിരിക്കുകയായിരുന്നു. ഫോർഡിന് മാത്രം 210 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി.
ചിപ്പ് ക്ഷാമം സമീപഭാവിയിൽ കുറയാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ഇത് പരിഹരിക്കാൻ അമേരിക്കയിൽ തന്നെ ചിപ്പ് നിർമാണത്തിന് പല കമ്പനികളും മുന്നോട്ടുവന്നിട്ടുണ്ട്. യു.എസ് സംസ്ഥാനമായ ഒഹിയോയിൽ ഇന്‍റൽ ചിപ്പ് പ്ലാന്‍റിന്‍റെ നിർമാണം പ്രഖ്യാപിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.