ഇന്ത്യയിലെ വാട്സ്ആപ്പ്, ടെലിഗ്രാം യൂസർമാർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

മൊബൈൽ ബാങ്കിങ് ട്രോജനുകളുടെ ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. പ്രധാനമായും സോഷ്യൽ മീഡിയ സന്ദേശങ്ങളിലൂടെയാണ് മൊബൈൽ ബാങ്കിങ് ട്രോജനുകൾ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്. അതിനായി വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്.

മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ആക്രമണകാരികൾ സോഷ്യൽ എഞ്ചിനീയറിങ് തന്ത്രങ്ങൾ പയറ്റിയാണ് ആളുകളെ കബളിപ്പിക്കുന്നത്. ബാങ്കുകളും സർക്കാർ ഏജൻസികളുമടക്കമുള്ള സേവനദാതാക്കളായി ആൾമാറാട്ടം നടത്തി ഉപയോക്താക്കളെ ബന്ധപ്പെടുന്നു. പിന്നാലെ, അവരുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് അപകടകാരികളായ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കും.

ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ അത്തരം ആപ്പുകൾ വ്യക്തിഗത വിശദാംശങ്ങൾ, ബാങ്കിംഗ് ക്രെഡൻഷ്യലുകൾ, പേയ്‌മെന്റ് കാർഡ് ഡാറ്റ, അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കുന്നു. അത്തരം വിവരങ്ങൾ ലഭിക്കുന്നതോടെ വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്താൻ സൈബർ കുറ്റവാളികൾക്ക് കഴിയും.

പറ്റിക്കപ്പെടുന്നത് ഇങ്ങനെ...

ഏതെങ്കിലും ബാങ്കിന്റെ പേരില്‍ നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. എന്തെങ്കിലും സേവനം ഉപയോഗപ്പെടുത്താനായി അവരുടെ ഔദ്യോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാൻ ആവശ്യപ്പെടുകയും അതിനായി ഒരു ലിങ്കും ഒപ്പം വെക്കുകയും ചെയ്യും. സന്ദേശം ലഭിച്ചയാൾ ലിങ്ക് വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നു. ആപ്പ് ഓപ്പൺ ചെയ്തുകഴിഞ്ഞാൽ ലോഗിന്‍ വിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനുകൾ വരും.

ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകളും ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകളുമടങ്ങുന്ന രണ്ട് തരം അപകടകരമായ ആപ്പുകളെ കുറിച്ചാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരം തട്ടിപ്പിൽ നിന്ന് രക്ഷനേടാനായി ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളില്‍നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക. വാട്സ്ആപ്പിൽ നിന്നും എസ്.എം.എസിൽ നിന്നുമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷിക്കുക.

Tags:    
News Summary - Microsoft Alerts Indian WhatsApp Users of High-Risk Android Malware, Highlights Banking Message Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-12 02:39 GMT