എത്ര കാലം രാജ്യത്തിന് പുറത്ത് ജീവിച്ചാലും എത്രത്തോളം ഉയരത്തിലെത്തിയാലും ഇന്ത്യക്കാരനാണെങ്കിൽ അവന്റെ രക്തത്തിൽ ക്രിക്കറ്റുണ്ടാകും. അമേരിക്കൻ ടെക് ഭീമൻമാരായ ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സി.ഇ.ഒമാരായ സുന്ദർ പിച്ചൈയും സത്യ നദെല്ലയുമാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങൾ. രണ്ടുപേരും വലിയ ക്രിക്കറ്റ് ആരാധകരാണ്. അത് ഇരുവരും പരസ്യമായി തുറന്നുപറഞ്ഞിട്ടുമുണ്ട്.
ആസ്ട്രേലിയയിലെ മെൽബണിൽ നടന്ന ഇന്ത്യ-പാക് ട്വന്‍റി 20 ലോകകപ്പ് മത്സരം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയെല്ലാം ത്രസിപ്പിച്ചിരുന്നു. വിരാട് കോഹ്‍ലിയുടെ ബാറ്റിങ് കരുത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ത്രില്ലിങ് വിജയം. സമൂഹ മാധ്യമങ്ങളിൽ ആ വിജയം ആഘോഷിച്ചവരിൽ സാക്ഷാൽ സുന്ദർ പിച്ചൈയും സത്യ നദെല്ലയുമുണ്ട്.
കോഹ്‍ലിയുടെ ട്വന്റി 20 ലോകകപ്പ് പ്രകടനത്തെ വാഴ്ത്തി മുൻ ആസ്ട്രേലിയൻ താരം ഗ്രെഗ് ചാപ്പൽ ദ സൺഡേ മോണിങ് ഹെറാൾഡിൽ എഴുതിയ 'A song by god: Kohli's divine innings legitimised T20 cricket' എന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു സത്യ നദെല്ലയുടെ ട്വീറ്റ്. 'ഒരു പ്രൊഫഷണൽ കളിക്കാരൻ ജീവിക്കുന്നത് ഇതിന് വേണ്ടിയായിരിക്കണം - ഒരു ക്രിക്കറ്ററുടെ ക്രിക്കറ്റ് കളിക്കാരനാകാൻ! അതെ, കുറച്ച് നിമിഷത്തേക്ക്, ടി20, ടെസ്റ്റ് ക്രിക്കറ്റിൽ നടക്കുന്ന ഡ്രാമ കവർന്നെടുത്തു'. -മൈക്രോസോഫ്റ്റ് സി.ഇ.ഒ കുറിച്ചു.
ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ട്വിറ്ററിലായിരുനു രസകരമായ ട്വീറ്റുമായി എത്തിയത്. 'ഹാപ്പി ദീപാവലി! എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കുന്നു എന്ന് കരുതുന്നു. ഇന്ത്യയുടെ അവസാന മൂന്ന് ഓവര്‍ വീണ്ടുമിരുന്ന് കണ്ടുകൊണ്ടായിരുന്നു എന്റെ ദീപാവലി ആഘോഷം. എന്തൊരു മികച്ച മത്സരവും പ്രകടനവുമാണത്'- ദീപാവലി, ടീം ഇന്ത്യ, ടി20 ലോകകപ്പ് 2022 എന്നീ ഹാഷ്ടാഗുകളോടെ അദ്ദേഹം കുറിച്ചു.
അതിന് താഴെ പാക് ആരാധകനിട്ട കമന്റിനും പിച്ചൈ തമാശ രൂപേണ മറുപടി നൽകിയിരുന്നു. '(ഇന്ത്യയുടെ) ആദ്യ മൂന്ന് ഓവറുകള്‍ നിങ്ങള്‍ കാണണമായിരുന്നു' എന്നായിരുന്നു ആ കമന്‍റ്. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ പുറത്തായ കെ.എല്‍. രാഹുലിനെയും രോഹിത് ശര്‍മ്മയേയും ചൂണ്ടിയായിരുന്നു ആരാധകന്‍റെ ട്രോള്‍. എന്നാല്‍ പിച്ചൈ അതിന് മറുപടിയുമായി എത്തി. 'അതും കണ്ടു, എന്തൊരു സ്‌പെല്ലാണ് ഭുവിയും അര്‍ഷ്‌ദീപും എറിഞ്ഞത്' എന്നായിരുന്നു പാകിസ്ഥാന്‍ ടീമിന്‍റെ മോശം തുടക്കം ഓര്‍മ്മിപ്പിച്ച് ഗൂഗിള്‍ സി.ഇ.ഒയുടെ മറുപടി.
ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12 പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ നാല് വിക്കറ്റിനാണ് വിജയിച്ചത്. സ്കോര്‍: പാകിസ്ഥാന്‍-159/8 (20), ഇന്ത്യ-160/6 (20). മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ 82 റൺസാണ് നേടിയത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ വിറപ്പിച്ച ഷഹീന്‍ അഫ്രീദിയുടെ 18-ാം ഓവറില്‍ കോഹ്ലിയുടെ മൂന്ന് ഫോര്‍ സഹിതം ഇന്ത്യ 17 റണ്‍സ് അടിച്ചെടുത്തിരുന്നു. 19-ാം ഓവറില്‍ ആദ്യ നാല് പന്തുകളില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയ ഹാരിസ് റൗഫിനെ അവസാനം രണ്ട് സിക്‌സറിന് പറത്തി കോഹ്‍ലി 20-ാം ഓവറിലെ വിജയലക്ഷ്യം 16 ആയി കുറച്ചു. മുഹമ്മദ് നവാസിന്‍റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും പുറത്തായെങ്കിലും കോലി-അശ്വിന്‍ സഖ്യം ഇന്ത്യയെ അവസാന പന്തില്‍ വിജയ തീരത്തടുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.