ചാറ്റ്ജി.പി.ടി പിന്തുണയോടെ മൈക്രോസോഫ്റ്റ് റീലോഞ്ച് ചെയ്ത ബിങ് സെർച്ച് എൻജിനും (Bing) എഡ്ജ് വെബ് ബ്രൗസറും (Edge Browser) ഇനി സ്മാർട്ട്ഫോൺ യൂസർമാർക്കും ഉപയോഗിക്കാം. ഗൂഗിളിന്റെ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും പോയി രണ്ട് ആപ്പുകളും ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചുതുടങ്ങാം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണ നൽകുന്നതിനൊപ്പം രണ്ട് ആപ്പുകളുടെയും യൂസർ ഇന്റർഫേസും മൈക്രോസോഫ്റ്റ് കാര്യമായി പരിഷ്കരിച്ചിട്ടുണ്ട്. ചാറ്റ്ജി.പി.ടിയോട് ചോദിക്കുന്നത് പോലെ കഥകളും ഉപന്യാസങ്ങളും കവിതകളും മറ്റും എഴുതാൻ ബിങ് സെർച്ച് എൻജിനോടും ഇനി ആവശ്യപ്പെടാം.
ഇന്റർനെറ്റ് സെർച്ചിന്റെ 64 ശതമാനവും നടക്കുന്നത് സ്മാർട്ട്ഫോണുകളിലാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 169 രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലേറെ ആളുകള്‍ പുതിയ ബിങ് ബ്രൗസര്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടെന്നും അവരിൽ 71 ശതമാനം പേരും അനുകൂല പ്രതികരണമാണ് നൽകുന്നതെന്നും കമ്പനി അറിയിച്ചു. പ്രതികരണങ്ങൾ അനുസരിച്ച് പുതിയ എ.ഐ അധിഷ്ഠിതമായ ബിങ്ങിനെ കൂടുതൽ മികവുറ്റതാക്കിക്കൊണ്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്.
അതേസമയം, പുതിയ ചാറ്റ്ജിപി.ടി.യിൽ പിന്തുണയുള്ള ബിങ് പരീക്ഷിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം ആപ്ലിക്കേഷനുകൾ ലഭിച്ചതായി മൈക്രോസോഫ്റ്റ് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ നിലവിൽ ഫീച്ചർ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരെ വൈറ്റിങ് ലിസ്റ്റിൽ പെടുത്തുകയാണ് കമ്പനി. എന്നാൽ, എഡ്ജ് നിങ്ങളുടെ ഡിഫോൾട്ട് ബ്രൗസറായും ബിങ്ങിനെ സെർച്ച് എഞ്ചിനായും സെറ്റ് ചെയ്യുന്നവർക്ക് ഫീച്ചർ പെട്ടന്ന് തന്നെ ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.