ടെക് ഭീമൻ മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തങ്ങളുടെ ആകെ തൊഴിലാളികളിൽ നിന്നും അഞ്ച് ശതമാനം വെട്ടിക്കുറക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നതെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 220,000-ത്തിലധികം ജീവനക്കാരുള്ള മൈക്രോസോഫ്റ്റ്, അവരുടെ തീരുമാനം നടപ്പിലാക്കിയാൽ 10,000-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും.
ആഗോളതലത്തിലുള്ള മൈക്രോസോഫ്റ്റ് ജീവനക്കാരെ പുതിയ നീക്കം ബാധിച്ചേക്കും. അതേസമയം, കമ്പ്യൂട്ടർ വ്യവസായ പ്രമുഖൻ ഇന്ന് (ബുധനാഴ്ച) തന്നെ അതിന്റെ എഞ്ചിനീയറിങ് ഡിവിഷനുകളിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസത്തെ വരുമാനം മൈക്രോസോഫ്റ്റ് റിപ്പോർട്ട് ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം വരും. അതേസമയം, വാഷിംഗ്ടൺ സ്റ്റേറ്റ് ആസ്ഥാനമായ സോഫ്റ്റ്വെയർ ഭീമൻ കഴിഞ്ഞ വർഷം രണ്ട് തവണ ജീവനക്കാരുടെ റാങ്ക് വെട്ടിക്കുറച്ചിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സെയിൽസ്ഫോഴ്സ്, ആമസോൺ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി വെഡ്ബുഷ് അനലിസ്റ്റ് ഡാൻ ഐവ്സ് നിക്ഷേപകർക്ക് നൽകിയ കുറിപ്പിൽ പറഞ്ഞിരുന്നു. ടെക് മേഖലയിലുടനീളം 5 മുതൽ 10 ശതമാനം വരെ ജീവനക്കാരെ വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
18,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നതായി ജനുവരി ആദ്യം ആമസോണും പ്രഖ്യാപിച്ചിരുന്നു. അതേസമയം മെറ്റയും മൈക്രോസോഫ്റ്റും വാഷിങ്ടണിലെ സിയാറ്റിലിലും ബെല്ലെവ്യൂവിലുമുള്ള ഓഫീസുകൾ ഉപേക്ഷിക്കുന്നതായുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. നിരവധി ജീവനക്കാർ വർക്ക് ഫ്രം ഹോം ഓപ്ഷനുകൾ ഇഷ്ടപ്പെടുന്നതിനാലും, കൂടാതെ, ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയുമാണ് പുതിയ നീക്കത്തിന് പിന്നിലെന്നും റിപ്പോർട്ടുകർ പറയുന്നു.
സക്കർബർഗിന്റെ കീഴിലുള്ള മെറ്റ ഡൗൺടൗൺ സിയാറ്റിൽ, ബെല്ലെവ്യൂ എന്നിവിടങ്ങളിലെ ഓഫീസുകൾ ഒഴിയുന്ന കാര്യം കമ്പനി തന്നെയാണ് സ്ഥിരീകരിച്ചത്. ബെൽവ്യൂവിലെ 26 നിലകളുള്ള സിറ്റി സെന്റർ പ്ലാസയുടെ കരാർ മൈക്രോസോഫ്റ്റ് പുതുക്കില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.