അഞ്ച് ദിവസങ്ങൾ കൊണ്ട് 100 ദശലഷം യൂസർമാരെ സ്വന്തമാക്കി ചരിത്രം കുറിച്ച മെറ്റയുടെ മൈക്രോ ബ്ലോഗിങ് ആപ്പായ ‘ത്രെഡ്സി’ന് അതിന്റെ പകുതിയിലധികം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ട്വിറ്ററിന് ബദലയായി അവതരിപ്പിച്ച ത്രെഡ്സിനെ ദിവസങ്ങൾ കൊണ്ട് തന്നെ ഭൂരിഭാഗം യൂസർമാരും കൈയ്യൊഴിഞ്ഞതായുള്ള സൂചന നൽകിയിരിക്കുന്നത് മെറ്റ മേധാവിയായ മാർക്ക് സക്കർബർഗാണ്. റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
"100 ദശലക്ഷത്തിലധികം ആളുകൾ സൈൻ അപ്പ് ചെയ്യുകയും, അവരെല്ലാവരും അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് പകുതി പേരെങ്കിലും ആപ്പിൽ തുടരുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ഗംഭീരമായിരിക്കും. എന്നാൽ, ഞങ്ങൾക്ക് ഇതുവരെ അതുപോലൊരു സാഹചര്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല," - മെറ്റ ജീവനക്കാരോടായി സക്കർബർഗ് പറഞ്ഞു. എന്നാൽ, നിലവിൽ മെറ്റയുടെ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോം നേരിടുന്ന പ്രതിസന്ധി സാധാരണമാണെന്നും പുതിയ ഫീച്ചറുകൾ ആപ്പിൽ ചേർക്കുന്നതോടെ ആളുകൾ തിരിച്ചെത്തുമെന്നും സക്കർബർഗ് പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ലോഞ്ച് ചെയ്ത സമയത്ത് തന്നെ ത്രെഡ്സ് പരിമിതമായ സവിശേഷതകളുടെ പേരിൽ യൂസർമാരിൽ നിന്ന് പഴികേട്ടിരുന്നു. അതോടെ, മെറ്റ പ്രത്യേക ‘ഫോളോയിങ്, ഫോർ യു’ ഫീഡുകൾ ആപ്പിൽ ചേർക്കുകയും ചെയ്തു. കൂടാതെ, പോസ്റ്റുകൾ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള ഫീച്ചർ കൂടി അവതരിപ്പിച്ചിരുന്നു.
ആളുകളെ പ്ലാറ്റ്‌ഫോമിലേക്ക് തിരികെയെത്തിക്കുന്നതിനായി കൂടുതൽ ആകർഷകമായ സവിശേഷതകൾ ചേർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ ക്രിസ് കോക്സ് ജീവനക്കാരോട് പറഞ്ഞു. ഇൻസ്റ്റാഗ്രാം ആപ്പിലുള്ള ആളുകൾക്ക് പ്രധാനപ്പെട്ട ത്രെഡുകൾ കാണാൻ കഴിയുന്ന ഫീച്ചറാണ് അതിലൊന്നെന്നുള്ള സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. രണ്ട് പ്ലാറ്റ്‌ഫോമുകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു - ത്രെഡ്സിൽ സൈൻ അപ്പ് ചെയ്യുന്നതിന്, യൂസർമാർക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടായിരിക്കണം.
ട്വിറ്റർ പോലുള്ള മൈക്രോ ബ്ലോഗിങ് അല്ലെങ്കിൽ ടെക്സ്റ്റ് ബേസ്ഡ് സോഷ്യൽ മീഡിയ സ്ഥിരിമായി ഉപയോഗിക്കുന്നവരിൽ എത്ര പേർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാകും..? രണ്ടും രണ്ട് തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളാണ്. രണ്ടിന്റെയും സജീവ ഉപയോക്താക്കൾ വ്യത്യസ്ത അഭിരുചികളുള്ളവരായിരിക്കും. ത്രെഡ്സിലേക്ക് എത്തിയ ഭൂരിഭാഗം ആളുകളും ഇൻസ്റ്റഗ്രാം യൂസർമാരാണെന്നതാണ് വസ്തുത. ഇൻസ്റ്റഗ്രാം യൂസർമാർ തുടക്കത്തിലെ ആവേശത്തിൽ ത്രെഡ്സിൽ കയറുകയും വൈകാതെ ഇറങ്ങിപ്പോവുകയും ചെയ്തു.
അതുപോലെ വർഷങ്ങളായി അധ്വാനിച്ച് ട്വിറ്ററിൽ വലിയ കമ്യൂണിറ്റിയെ സൃഷ്ടിച്ച ആളുകൾക്കും ത്രെഡ്സിനോട് താൽപര്യം ജനിച്ചിട്ടില്ല. ട്വിറ്റർ യൂസർമാരെ കൂട്ടമായി ത്രെഡ്സിൽ എത്തിക്കാൻ സാധിച്ചാൽ മാത്രമാണ് മെറ്റക്ക് തങ്ങളുടെ പുതിയ പ്ലാറ്റ്‌ഫോമിനെയും വിജയപ്പിക്കാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.