ലോക കോടീശ്വരൻ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം എക്‌സ് നഷ്ടത്തിലേക്കെന്ന് റിപ്പോർട്ടുകൾ. ഒരു വർഷം മുമ്പ് എലോൺ മസ്‌ക് നൽകിയതിന്‍റെ പകുതിയിൽ താഴെയാണ് ഇപ്പോൾ കമ്പനിയുടെ മൂല്യം. ജീവനക്കാർക്ക് നൽകുന്ന നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളുടെ കമ്പനി മൂല്യം 19 ബില്ല്യൺ ഡോളറാണ്. ഒരു വർഷം മുമ്പ് 44 ബില്യൺ ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനുശേഷം ട്വിറ്ററിന്‍റെ സി.ഇ.ഒയെയും മറ്റ് എക്സിക്യൂട്ടീവ് ഓഫിസർമാരെയും പിരിച്ചു വിട്ടിരുന്നു. മൈക്രോബ്ലോഗിങ് സൈറ്റിലെത്തുന്ന ആശയങ്ങളെ നിയന്ത്രിക്കുന്നതിനും വെറുപ്പു നിറഞ്ഞ ആശയങ്ങളും പരാമർശങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനുമായി ഉണ്ടായിരുന്ന ജീവനക്കാരാണ് പിരിച്ചു വിട്ടവരിൽ ഭൂരിപക്ഷവും.
സമൂഹമാധ്യമ മേഖലയെ അടക്കി വാണിരുന്ന ട്വിറ്ററിന്‍റെ എക്സിലേക്കുള്ള മാറ്റം അവിടം മുതലാണ് തുടങ്ങിയത്. ഇതിന്‍റെ ചില ഉള്ളടക്ക നിയമങ്ങൾ മാറ്റിയതിനെ തുടർന്ന് പരസ്യ വരുമാനത്തിന്റെ പകുതിയിലധികമാണ് നഷ്ടം സംഭവിച്ചത്. എക്സ് ഇപ്പോഴും ഏറെക്കുറെ ട്വിറ്ററിന് സമാനമാണ്. പേരും, പേരിനൊപ്പമുള്ള നീലക്കിളിയും വെരിഫിക്കേഷൻ സിസ്റ്റവും അടക്കം ട്വിറ്ററിന്‍റെ ഫീച്ചറുകളെല്ലാം തന്നെ മസ്ക് നീക്കം ചെയ്തിരുന്നു. അതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ കുറവുമുണ്ടായി. ഇതോടെ സമൂഹമാധ്യമങ്ങളിൽ ട്വിറ്ററിനുണ്ടായ പ്രഥമസ്ഥാനവും ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഫെയ്സ്ബുക്ക്, എക്സ് എന്നിവയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും വലിയ വാർത്താ വെബ്‌സൈറ്റുകളിലേക്കുള്ള ട്രാഫിക് കഴിഞ്ഞ വർഷത്തിൽ ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മസ്‌കിന്‍റെ ഉടമസ്ഥതയിൽ കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഏറ്റെടുക്കുന്ന സമയത്ത്, കടവും ഇക്വിറ്റിയും കൂടിച്ചേർന്നതിന്‍റെ അടിസ്ഥാനത്തിൽ ട്വിറ്ററിന്‍റെ മൂല്യം 44 ബില്യൺ ഡോളറായിരുന്നു. കാലക്രമേണ അദ്ദേഹത്തിന്‍റെ ക്രമരഹിതമായ തീരുമാനങ്ങളും അയഞ്ഞ ഉള്ളടക്ക-സുരക്ഷാ നിയമങ്ങളും പരസ്യദാതാക്കളെ അകറ്റി. ഇത് വിൽപ്പനയിൽ 60 ശതമാനം ഇടിവിന് കാരണമായി. എക്സിന് പ്രതിവർഷം ഏകദേശം 1.2 ബില്യൺ ഡോളർ പലിശ നൽകാനുണ്ട്. പരസ്യങ്ങളിൽ നിന്ന് മാറി പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഇതുവരെ വളരെ കുറഞ്ഞ ശതമാനം ആളുകൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. അതുകൊണ്ട് തന്നെ കമ്പനിയുടെ മൂല്യത്തിലുണ്ടായ ഇടിവ് എക്സിനെ സാരമായി ബാധിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.