ഡിജിറ്റൽ യുഗത്തിന്റെ വക്താക്കളാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപഭോഗം ഗണ്യമായി ഉയർന്ന കാലത്ത് ഏറ്റവും കൂടുതൽ ഉദിച്ചുപൊങ്ങിയവരും സാമ്പത്തികനേട്ടം കൊയ്തവരും അവരാണ്. യൂട്യൂബും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടങ്ങിയ സമൂഹ മാധ്യമ ഭീമൻമാർ അതിന് അവസരം തുറന്നിടുകയും ചെയ്തു. എന്നാൽ, സോഷ്യൽ മീഡിയ തന്നെ കരിയറാക്കി പണക്കാരായ മിടുക്കൻമാർക്ക് കടുത്ത മാർഗനിർദേശങ്ങളുമായി എത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ.
ഇൻഫ്ലുവൻസർമാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങൾ കേന്ദ്രം ഉടൻ തന്നെ പുറപ്പെടുവിക്കാൻ പോകുന്ന കാര്യം 'ഇടി നൗ' ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്ളോഗർമാരും ഇൻഫ്ലുവൻസർമാരും സമൂഹ മാധ്യമങ്ങളിൽ ബ്രാൻഡുകളുമായും മറ്റും സഹകരിച്ച് പണമീടാക്കി ചെയ്യുന്ന പ്രമോഷനുകളുടെ (paid promotions) വിവരങ്ങൾ നിർബന്ധമായും വെളിപ്പെടുത്തണമെന്നതാണ് പ്രധാന നിർദേശം. ഓരോ പോസ്റ്റിലും അവർ ഇനി ഡിസ്ക്ലെയിമർ വെക്കേണ്ടിവരും.
സെലിബ്രിറ്റികൾക്കും ഇത് ബാധകമാണ്. ഉത്പന്നങ്ങളെ കുറിച്ച് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്ന രീതിയിലുള്ള പണമടച്ചുള്ള പ്രമോഷനുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നീക്കം. അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പുറപ്പെടുവിച്ചേക്കും. അതിൽ ഇൻഫ്ലുവൻസർമാർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാകും ഉണ്ടാവുക.
ഓൺലൈൻ ഉപഭോക്താക്കളിൽ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിവ്യൂകളുടെ ആഘാതം ചർച്ച ചെയ്യുന്നതിനും അത്തരമൊരു സാഹചര്യം തടയുന്നതിനുമുള്ള റോഡ്മാപ്പ് തയ്യാറാക്കുന്നതിനുമായി ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് മെയ് മാസത്തിൽ ബന്ധപ്പെട്ടവരുമായി വെർച്വൽ മീറ്റിങ് നടത്തിയിരുന്നു. ഇൻഫ്ലുവൻസർമാർ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ വലിയ പിഴയും നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് 10 ലക്ഷം രൂപയും ആവർത്തിച്ചാൽ, 20 ലക്ഷവും തുടർച്ചയായി തെറ്റ് വരുത്തിയാൽ 50 ലക്ഷം വരെയുമാകും പിഴയെന്നും റിപ്പോർട്ടിൽ പറയുന്നു.
കമ്പനികളിൽ നിന്ന് സൗജന്യമായി സാധനങ്ങൾ സ്വീകരിക്കുന്ന യൂട്യൂബർമാരും മറ്റും അതിന്റെ നികുതി അടയ്‌ക്കണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ ഈ വർഷം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതിയ നിയമം അനുസരിച്ച്, ഇൻഫ്ലുവൻസർമാർ കാർ, മൊബൈൽ, വസ്ത്രം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ അതാത് കമ്പനികളിൽ നിന്ന് സ്വീകരിച്ചാൽ, 10 ശതമാനം ടിഡിഎസ് (Tax Deducted at Source) നൽകേണ്ടിവരും. എന്നാൽ, ഉപയോഗിച്ചതിന് ശേഷം കമ്പനിക്ക് തിരികെ നൽകേണ്ടി വരുന്ന ഉത്പന്നങ്ങൾ സെക്ഷൻ 194R-ന്റെ കീഴിൽ വരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.