സബ്സ്ക്രൈബേഴ്സിനെ ബാധിക്കുന്ന സുപ്രധാന നീക്കത്തിനൊരുങ്ങുകയാണ് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. 2023-ന്റെ തുടക്കത്തിൽ നെറ്റ്ഫ്ലിക്സിലെ പാസ്‌വേഡ് ഷെയറിങ് സംവിധാനം അമേരിക്കൻ ഒ.ടി.ടി ഭീമൻ നിർത്തലാക്കും. ലോകമെമ്പാടുമായി 100 ദശലക്ഷത്തോളം ആളുകൾ, മറ്റുള്ളവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് അവരുടെ ഉപകരണങ്ങളിൽ ലോഗ്-ഇൻ ചെയ്ത് ഉപയോഗിക്കുന്നുണ്ട്.
യൂസർമാർ ഗണ്യമായി പാസ്‌വേഡ് പങ്കിടുന്നത് തങ്ങളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ച് നെറ്റ്ഫ്ലിക്‌സിന് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. 2020ൽ സബ്‌സ്‌ക്രിപ്‌ഷനുകളുടെ വർദ്ധനവ് അതിനെതിരെയുള്ള നീക്കത്തിൽ നിന്നും കമ്പനിയെ പിന്നോട്ട് വലിച്ചു. എന്നാൽ, ഈ വർഷത്തെ വരുമാന ഇടിവും 10 വർഷത്തിനിടെ പ്ലാറ്റ്‌ഫോം ആദ്യമായി നേരിട്ട വരിക്കാരുടെ നഷ്ടവും കാരണം, നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിങ്സ് ഈ വിഷയത്തിൽ നടപടിയെടുക്കാൻ മുന്നോട്ടുവരികയായിരുന്നു.
ഇനിമുതൽ നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ്‌വേഡ് സുഹൃത്തുക്കളുമായും മറ്റും പങ്കുവെക്കണമെങ്കിൽ, അക്കൗണ്ട് ഉടമ തന്നെ അധിക ചാർജ് നൽകേണ്ടി വരും. ഇന്ത്യയിൽ നാല് പേർക്ക് ഉപയോഗിക്കാവുന്ന ഒരു മാസത്തെ നെറ്റ്ഫ്ലിക്സ് യു.എച്ച്.ഡി പ്ലാനിന് 649 രൂപയാണ് ചാർജ്.
‘ഒരുമിച്ച് താമസിക്കുന്ന ആളുകളുമായി മാത്രമേ അക്കൗണ്ടുകൾ പങ്കിടാൻ കഴിയൂ’ എന്ന രീതിയിൽ നെറ്റ്ഫ്ലിക്സ് അതിന്റെ ഉപഭോക്തൃ സഹായ പേജുകൾ നേരത്തെ അപ്ഡേറ്റ് ചെയ്തിരുന്നു. അതായത്, ഒരു കുടുംബത്തിലെ അംഗങ്ങൾക്കോ, ഒരുമിച്ച് താമസിക്കുന്ന സുഹൃത്തുക്കളുമായോ മാത്രം പാസ്‌വേഡുകൾ പങ്കിട്ടാൽ മതിയെന്നാണ് കമ്പനി ഉദ്ദേശിച്ചത്. 2023 മുതൽ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ചോദിച്ചുവരുന്ന സുഹൃത്തുക്കളോട് അതിനുള്ള പണവും തരാൻ പറയേണ്ടിവരുമെന്ന് ചുരുക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.